ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുന്നതിന് വിസയും പാസ്‌പോർട്ടും ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ ഒരു ഇന്ത്യക്കാരന് രാജ്യത്തിലുടനീളം അവയില്ലാതെ എളുപ്പത്തിൽ യാത്ര ചെയ്യാം എന്നാണ് നമ്മുടെ ധാരണ. എന്നിരുന്നാലും, നിങ്ങളുടെ പാസ്‌പോർട്ടും വിസയും നിർബന്ധമായും കാണിക്കേണ്ട ഒരു റെയിൽവേ സ്റ്റേഷൻ ഇന്ത്യയിൽ ഉണ്ട്. വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടെങ്കിലും സത്യമാണ്.
പഞ്ചാബിലെ അട്ടാരി ശ്യാം സിംഗ് റെയിൽവേ സ്റ്റേഷനാണ് ഇത്തരത്തിലുള്ള ഒരു പ്രേത്യേകതയുള്ളത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള തന്ത്രപ്രധാനവും സെൻസിറ്റീവുമായ സ്ഥലമാണിത്. അമൃത്‌സർ വഴി ലാഹോർ ലൈനിൽ പാകിസ്ഥാനിൽ എത്തുന്നതിന് മുമ്പുള്ള ഇന്ത്യയിലെ അവസാന സ്റ്റേഷൻ എന്ന നിലയിലാണ് ഈ സ്റ്റേഷൻ പ്രശസ്തമായത്. അതുകൊണ്ട് തന്നെ മറ്റെവിടെയും ഇല്ലാത്ത സവിശേഷമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഇവിടെ നിലവിലുണ്ട്.
ഈ സ്ഥലം സന്ദർശിക്കാൻ നിങ്ങൾക്ക് പാസ്‌പോർട്ട് മാത്രമല്ല, സാധുതയുള്ള വിസയും ആവശ്യമാണ്. സാധുവായ പാസ്‌പോർട്ടും വിസയും ഇല്ലാതെ അട്ടാരി ഷാം സിംഗ് റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന അട്ടാരി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നത്നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അതിർത്തിയിൽ അമൃത്സറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാൻ അതിർത്തിയിൽ അട്ടാരിയിലും വാഗാ അതിർത്തിയിലും ഈ സ്റ്റേഷൻ സർവീസ് നടത്തുന്നു. കേന്ദ്ര സർക്കാർ നടത്തുന്ന അമൃത് മഹോത്സവിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇതേ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു.
സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് ഇന്ത്യൻ വിസയുടെയും പാസ്‌പോർട്ടിൻ്റെയും ആവശ്യകത അതിൻ്റെ ചരിത്രപരവും ഭൗമരാഷ്ട്രീയവുമായ പ്രാധാന്യത്തിൽ നിന്നാണ്. നയതന്ത്ര പിരിമുറുക്കങ്ങൾ കാരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നത് വരെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചിരുന്ന സംഝോത എക്‌സ്പ്രസിൻ്റെ ആരംഭ പോയിൻ്റായി അട്ടാരി പ്രവർത്തിച്ചിരുന്നു.
നോർത്തേൺ റെയിൽവേയുടെ ഫിറോസ്പൂർ ഡിവിഷനാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കുന്നത്, സായുധ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും 24/7 സിസിടിവി നിരീക്ഷണവും ഉൾപ്പെടെ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലവിലുണ്ട്.
Discussion about this post