മുംബൈ: കോടികൾ മുടക്കി നടൻ പൃഥ്വിരാജ് മുംബൈ നഗരത്തിൽ ആഡംബര വസതി വാങ്ങിയതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പേരിലാണ് നഗരത്തിൽ ആഡംബര വസതി വാങ്ങിയിരിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
30.6 കോടി രൂപ ചിലവിട്ടാണ് വസതി വാങ്ങിയിരിക്കുന്നത്. മുംബൈയിലെ പാലി ഹില്ലിലാണ് പുതിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള വസതി. പൃഥ്വിരാജിന്റെ ഉടമസ്ഥതയിൽ മുംബൈയിലുള്ള രണ്ടാമത്തെ പ്രോപ്പർട്ടിയാണ് ഇപ്പോൾ സ്വന്തമാക്കിയ ഈ ആഢംബര വസതി.
2,971 ചതുരശ്ര അടിയാണ് പുതിയ വസതിയ്ക്ക് ഉള്ളത്. നാല് കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യം വസതിയിൽ ഉണ്ട്. 431 ചതുരശ്ര അടിയാണ് കാർ പാർക്കിംഗിന് വേണ്ടി മാത്രം ഉള്ളത്. ഈ വർഷം സെപ്തംബറിൽ ആയിരുന്നു ഈ വസതി വാങ്ങാനുള്ള തീരുമാനം അന്തിമമായത്. ഈ വസതിയുടെ രജിസ്‌ട്രേഷനായി സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 1.84 കോടി രൂപയും, രജിസ്‌ട്രേഷൻ ഫീസ് 30,000 രൂപയും ആയി എന്നാണ് റിപ്പോർട്ടുകൾ.
പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ പാലി ഹില്ലിലാണ് മറ്റൊരു വസതി കൂടിയുള്ളത്. 17 കോടി രൂപയാണ് ഇതിന്റെ മൂല്യം. രൺവീർ സിംഗ്, ത്രിപ്തി ദിമ്രി, കെ എൽ രാഹുൽ, ആദിത്യ ഷെട്ടി എന്നിവർക്കും പാലി ഹില്ലിൽ സ്വന്തമായി വസതിയുണ്ട്.
Discussion about this post