ഡല്‍ഹി: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. രീജു രാമചന്ദ്രന്, കെ രാമൂര്‍ത്തി എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.
ആത്മീയവും ഭരണഘടനാപരവുമായ വിഷയങ്ങള്‍ പരിഗണിയ്ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭഗവാന് ആണ്-പെണ് വ്യത്യാസമില്ല. ആത്മീയത പുരുഷന്മാര്ക്ക് മാത്രമുള്ളതല്ലെന്നും കോടതി പറഞ്ഞു.
വേദങ്ങളിലോ ഉപനിഷത്തുകളിലോ പുരാണങ്ങളിലോ ആണ്-പെണ് വിവേചനമില്ല. ചരിത്രപരമായി ഇക്കാര്യം വ്യക്തമാണ്. വിഷയത്തില്‍ ഇടുങ്ങിയ വീക്ഷണം നടത്തുന്നില്ല. മതപരമായ സ്വാതന്ത്ര്യത്തിനും സമത്വത്തിനുള്ള അവകാശത്തിനുമിടയില് ഭരണഘടനാപരമായ സന്തുലനം ഉണ്ടാക്കേണ്ടതുണ്ട്. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന ഇന്ത്യന്‍ ലോയേഴ്സ് അസോയിയേഷന്റെ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്ന് വിലക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ വിശദമായ വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിയ്ക്കരുതെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ഈ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
Discussion about this post