ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന് പകരമായി ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മെര്‍ലേനയെ തെരഞ്ഞെടുത്തതിനെതിരെ എഎപി എംപി സ്വാതി മലിവാള്‍. ഡൽഹിയെ സംബന്ധിച്ചുള്ള ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണ് അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഭീകരനായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ നിരന്തരമായി വാദിച്ച കുടുംബത്തിൽ നിന്നും ഉള്ള വ്യക്തിയാണ് അതിഷി. ഇനി ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ എന്നും സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു.
2001ലെ പാർലമെൻ്റ് ആക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട ഭീകരൻ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കുന്നതിന് വേണ്ടി നിരവധി തവണയാണ് അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നത്.
ഇങ്ങനെ രാജ്യവിരുദ്ധത പിന്തുടരുകയും തീവ്രവാദികൾക്കായി വാദിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിൽ നിന്നുമുള്ള അതിഷിയെ ഡൽഹി മുഖ്യമന്ത്രിയാക്കുന്നത് ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു.
അതിഷി ഒരു ‘ഡമ്മി മുഖ്യമന്ത്രി’ ആയിരിക്കുമെങ്കിലും ആ പദവിയിൽ ഇരിക്കുന്നത് ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്നും സ്വാതി മലിവാള്‍ സൂചിപ്പിച്ചു. തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് സ്വാതി മലിവാള്‍ അതിഷിയെ ഡൽഹി മുഖ്യമന്ത്രിയാക്കുന്നതിനെതിരെ രൂക്ഷമായി വിമർശിച്ചത്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അതിഷിയുടെ പിതാവ് വിജയ് സിംഗും അമ്മ ത്രിപ്ത വാഹിയും ഒപ്പിട്ട ദയാഹർജിയും സ്വാതി മലിവാൾ തൻ്റെ പോസ്റ്റിൽ പങ്കുവെച്ചു.
Discussion about this post