അബുദാബി : ലോകകപ്പിന്റെ സമ്മാന തുകയിലെ ലിംഗഭേദം അവസാനിപ്പിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇനിമുതൽ ലോകകപ്പിൽ പുരുഷ ടീമിനും വനിതാ ടീമിനും ഒരേ സമ്മാനത്തുക ആയിരിക്കും നൽകുക. പുതിയ തീരുമാനത്തോടെ വരാനിരിക്കുന്ന വനിതാ ലോകകപ്പ് 2024-ന് മൊത്തം 7,958,000 ഡോളർ ( 66,64,72,090 ഇന്ത്യൻ രൂപ) ആയിരിക്കും സമ്മാനത്തുകയായി ലഭിക്കുക.
ലോകകപ്പിലെ തന്നെ ചരിത്രപരമായ തീരുമാനമാണ് ഐസിസി എടുത്തിരിക്കുന്നത്. നേരത്തെ വനിതാ ലോകകപ്പ് നേടുന്ന ടീമിന് ഒരു മില്യൺ ഡോളർ മാത്രമായിരുന്നു സമ്മാനത്തുക നൽകിയിരുന്നത്. പുരുഷ ടീമിന് നൽകുന്ന അതേ തുക തന്നെ വനിതാ ടീമിനും നൽകാൻ തീരുമാനം ആയതോടെ 134 ശതമാനം വർദ്ധനവാണ് വനിതാ ലോകകപ്പ് സമ്മാനത്തുകയിൽ ഉണ്ടായിരിക്കുന്നത്.
2023 ജൂലൈയിൽ നടന്ന ഐസിസി വാർഷിക കോൺഫറൻസിൽ ഐസിസി ബോർഡ് ആണ് ലോകകപ്പ് സമ്മാനത്തുകയിലെ ലിംഗഭേദം അവസാനിപ്പിക്കാൻ പ്രാരംഭ നടപടികൾ സ്വീകരിച്ചിരുന്നത്. നിലവിൽ ഐസിസിയുടെ പുതിയ പ്രഖ്യാപനത്തോടെ കായിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പുരുഷ ടീമുകൾക്കും വനിതാ ടീമുകൾക്കും തുല്യമായ സമ്മാനത്തുകയുള്ള ഒരേയൊരു പ്രധാന ടീം സ്പോർട്സായി ക്രിക്കറ്റ് മാറി.
Discussion about this post