കൊൽക്കത്ത: വനിതാ ഡോക്ടർമാരെ രാത്രി ഷിഫ്റ്റിൽ നിയമിക്കരുതെന്ന് ബംഗാൾ സർക്കാരിന്റെ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സ്ത്രീകളെ രാത്രിയിൽ ജോലിക്ക് വെക്കരുത് സർക്കാർ നടത്തുന്ന ആശുപത്രികളോട് നിർദ്ദേശിച്ച വിജ്ഞാപനത്തിനെയാണ് സുപ്രീം കോടതി ചൊവ്വാഴ്ച വിമർശിച്ചത്. അവർക്ക് സുരക്ഷയാണ് വേണ്ടത്, അല്ലാതെ നിരോധനങ്ങളല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ബലാത്സംഗ-കൊലപാതക കേസ് സ്വമേധയാ കേട്ട്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ് ബംഗാൾ സർക്കാർ അഭിഭാഷകൻ കപിൽ സിബലിനോട്, എന്തുകൊണ്ടാണ് വനിതാ ഡോക്ടർമാരെ പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. സ്ത്രീകൾക്ക് ഇളവ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
“സ്ത്രീകൾക്ക് രാത്രിയിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എന്തിനാണ് വനിതാ ഡോക്ടർമാരെ പരിമിതപ്പെടുത്തുന്നത്? അവർക്ക് ഒരു ഇളവ് ആവശ്യമില്ല… സ്ത്രീകൾ ഒരേ ഷിഫ്റ്റിൽ ജോലി ചെയ്യാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു,
പ്രശ്‌നം പരിഹരിക്കാൻ സിബലിനോട് ആവശ്യപ്പെട്ട ചന്ദ്രചൂഡ്, കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് പ്രശ്നത്തിന് പരിഹാരമെന്നും പറഞ്ഞു. തുടർന്ന് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ അദ്ദേഹം പശ്ചിമ ബംഗാൾ സർക്കാരിന് നിർദേശം നൽകി.
Discussion about this post