വാഷിംഗ്ടൺ: അടുത്തയാഴ്ച്ച അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് അറിയിച്ച് റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഷിഗനിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇന്ത്യയുമായുള്ള വ്യാപാരത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് അറിയിച്ചത്. എന്നാൽ, എവിടെ വച്ചാണ് കൂടിക്കാഴ്ച്ചയെന്ന കാര്യം വ്യക്തമല്ല.
സെപ്റ്റംബർ 21 മുതൽ 23 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ഇതിനിടയിൽ ഏത് ദിവസമാണ് കൂടിക്കാഴ്ച്ചയെന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടയിൽ പങ്കെടുക്കാനായാണ് നരേന്ദ്ര മോദി അമേരിക്കയിലെത്തുന്നത്. ഡെലവെയറിലെ വിൽമിംഗ്ടണിലാണ് ഉച്ചകോടി നടക്കുക.
മോദിക്കും ബൈഡനും പുറമേ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ജപ്പാനിസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉച്ചകോടിയിൽ പങ്കെടുക്കും. ക്വാഡ് ഉച്ചകോടി, യുഎൻ ഉച്ചകോടി, എന്നിങ്ങനെ തന്ത്രപ്രധാനമായ നിരവധി പരിപാടികളിൽ മോദി പങ്കെടുക്കുമെന്നാണ് വിവരം. സെപ്റ്റംബർ 24ന് അദ്ദേഹം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോദന ചെയ്യും.
Discussion about this post