വാഷിങ്ടൺ:രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം ‘2024 ഒഎന്‍’ (Asteroid 2024 ON) ഭൂമിക്ക് യാതൊരു പ്രശ്നവും ഉണ്ടാകാതെ കടന്നുപോയി. സെപ്റ്റംബര്‍ 17ന് സെൻട്രൽ യൂറോപ്യൻ സമ്മർ ടൈം പ്രകാരം 10:17നാണ് 2024 ഒഎന്‍ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുക എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 2024 ഒഎന്‍ ഭൂമിയെ വേദനിപ്പിക്കാതെ കടന്നുപോയി. ഇനി 2035ല്‍ വീണ്ടും 2024 ഒഎന്‍ ഭൂമിക്ക് അരികിലെത്തും.
720 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിത്. മണിക്കൂറിൽ 25,000 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 620,000 മൈൽ അകലമുണ്ടാകും 2024 ഒഎൻഉം ഭൂമിയും തമ്മിൽ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎൻ ഛിന്നഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാൽ നാസ കടുത്ത ജാഗ്രതയിലായിരുന്നു. ആ ആശങ്കയാണ് ഇപ്പോൾ ഒഴിഞ്ഞത്.
നാസയുടെ കാലിഫോർണിയയിലുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിയാണ് 2024 ON ഛിന്നഗ്രഹത്തിൻറെ സഞ്ചാരപാത പിന്തുടരുന്നത്. ഇതിനായി അത്യാധുനിക ഒപ്റ്റിക്കൽ ടെലസ്‌കോപ്പുകളും റഡാറുകളും ഉപയോഗിക്കുന്നു. 2024 ONൻറെ വലിപ്പം, ആകൃതി, ഘടന തുടങ്ങിയവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിക്കാവും.2024 ONനെ കുറിച്ച് പഠിക്കുന്നതിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും വിവിധ സർവകലാശാലകളും നാസയുമായി സഹകരിക്കുന്നുണ്ട്.
Discussion about this post