ബെംഗ്ളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. രക്ഷാ പ്രവർത്തനം നടത്താനുള്ള ബോട്ട് പുറപ്പെട്ടിട്ടുണ്ട്. ഡ്രഡ്ജർ ഘടിപ്പിച്ച ടഗ് ഘടിപ്പിച്ച ബോട്ടാണ് രക്ഷാപ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത് നിലവിൽ കാർവാർ തീരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ 9 മണിയോടെ ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയിൽ ബോട്ട് എത്തും എന്നാണ് കരുതപ്പെടുന്നത്. വേലിയിറക്ക സമയത്ത് ബോട്ട് പാലം കടത്തി വിടും. വൈകിട്ട് 6 മണിക്കുള്ള വേലിയിറക്ക സമയത്ത് തിരയുടെ ഉയരം 06 മീറ്റർ ആയിരിക്കും എന്നാണ് കണക്ക് കൂട്ടൽ. ഇതിനാലാണ് വൈകിട്ട് മാത്രം ബോട്ട് പാലം കടത്തി വിടാൻ തീരുമാനിച്ചത്.
ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്‍റെ അടിത്തട്ടിൽ മണ്ണെടുക്കാൻ കഴിയുന്ന ഡ്രഡ്‍ജറാണ് ഗോവൻ തീരത്ത് നിന്ന് ഇന്നലെ ഉച്ചയോടെ കാർവാർ തുറമുഖത്ത് എത്തിച്ചത്. കാര്യങ്ങൾ വേണ്ട രീതിയിൽ പുരോഗമിച്ചാൽ നാളെ രാവിലെയോടെ ടഗ് ബോട്ട് ഷിരൂരിൽ എത്തും.
മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാനുളള ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിർത്താനുള്ള രണ്ട് തൂണുകൾ, തൂണ് പുഴയിലിറക്കാനും പുഴയിൽ നിന്ന് വസ്തുക്കൾ എടുക്കാനും കഴിയുന്ന ഒരു ക്രെയിൻ എന്നിവയാണ് ഡ്രെഡ്ജറിന്റെ പ്രധാന ഭാഗങ്ങൾ.
Discussion about this post