ചെന്നൈ: ഇന്ത്യ-ബംഗ്ലദേശ് ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം നടന്ന കടുത്ത മത്സരത്തിൽ ചരിത്രപുസ്തകത്തിൽ തൻ്റെ പേര് കുറിച്ച് രവിചന്ദ്രൻ അശ്വിൻ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച (സെപ്റ്റംബർ 19) ഇന്ത്യയെ കഠിനമായ അവസ്ഥയിൽ നിന്ന് കരകയറ്റാൻ ബാറ്റുകൊണ്ടുള്ള ഗംഭീരമായ പരിശ്രമത്തിനിടയിലാണ് അപൂർവ്വമായൊരു റെക്കോർഡ് ഇന്ത്യയുടെ മാസ്റ്റർ ആൾറൗണ്ടർക്ക് സ്വന്തമായത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ അയക്കപ്പെട്ട ഇന്ത്യ 144-6 എന്ന ദയനീയ അവസ്ഥയിൽ നിൽക്കുമ്പോഴാണ് , രക്ഷാപ്രവർത്തനവുമായി അശ്വിൻ ജഡേജയ്‌ക്കൊപ്പം ചേരുന്നത് . 150 റൺസ് കടന്ന തകർപ്പൻ കൂട്ടുകെട്ടിലൂടെ ഇരുവരും ഒരിക്കൽ കൂടെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിസന്ധി രക്ഷകരാണ് എന്ന് തെളിയിച്ചു.
കരിയറിലെ തന്റെ ഇരുപതാം അർദ്ധ സെഞ്ച്വറി അശ്വിൻ ഇന്ന് പൂർത്തിയാക്കിയിരുന്നു ഇതോടു കൂടി ടെസ്റ്റ് ക്രിക്കറ്റിൽ ഇരുപത് 50+ സ്‌കോറുകളും 30+ അഞ്ച് വിക്കറ്റ് നേട്ടങ്ങളും തൻ്റെ പേരിലാക്കിയ, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യത്തെ കളിക്കാരനായി അശ്വിൻ മാറി. തന്റെ റെക്കോർഡ് നേട്ടത്തോടൊപ്പം ദയനീയ നിലയിൽ നിന്ന് ടീമിനെ കരകയറ്റുക കൂടെ ചെയ്തതോടെ, ഹോം ഗ്രൗണ്ടിലെ അവിശ്വസനീയ പ്രകടനം ഇരട്ടി മധുരമായി.
Discussion about this post