ദുബായ്: ഇനി അക്കൗണ്ടിൽ കാശില്ലെങ്കിലും പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാം. ഇതിനായി പുതിയ സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ് ബോട്ടിം ഫിൻടെക്. പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് ബോട്ടിമിന്റെ പുതിയ സേവനം പ്രയോജനപ്പെടുക.
സെൻഡ് നൗ, പേ ലേറ്റർ എന്നാണ് പുതിയ സംവിധാനത്തിന് നൽകിയിരിക്കുന്ന പേര്. ഈ സംവിധാനം പ്രയോജനപ്പെടുത്തി ഞൊടിയിടയിൽ തന്നെ യുഎഇയിൽ ഉള്ളവർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പണമയക്കാം. നമ്മുടെ അക്കൗണ്ടിൽ പൈസയില്ലെങ്കിലും ആവശ്യമുള്ള തുക സ്വന്തം നാട്ടിലേക്ക് അയക്കാൻ ഈ സംവിധാനം ഉപയോഗിച്ച് കഴിയും. ബോട്ടിം അൾട്രാ ആപ്പ് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.
അക്കൗണ്ടിൽ പണമില്ലെങ്കിൽ അയക്കേണ്ട പണം ബോട്ടിം നൽകും. ഈ തുക പിന്നീട് നമുക്ക് തിരിച്ച് നൽകിയാൽ മതിയാകും. ഒറ്റയടിയ്‌ക്കോ തവണകൾ ആയിട്ടോ ഈ പണം തിരിച്ച് നൽകാം. ആവശ്യമെങ്കിൽ ഇത്തരത്തിൽ വീണ്ടും ബോട്ടിം വഴി പണം നൽകാം. മാസാവസാനും ആകുമ്പോഴാണ് ഈ സംവിധാനം ആളുകൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക.
സാമ്പത്തിക മേഖലയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായുള്ള ബോട്ടിമിന്റെ ശ്രമത്തിന്റെ ആദ്യ പടിയാണ് പുതിയ പേയ്‌മെന്റ് സംവിധാനം. ക്രമേണ ആളുകൾക്ക് കൂടുതൽ സൗകര്യങ്ങൾ അനുവദിക്കാനാണ് ബോട്ടിമിന്റെ തീരുമാനം.
Discussion about this post