അബുദാബി : ഗോൾഡൻ വിസയിൽ മുൻ നിബന്ധനകളെല്ലാം മാറ്റിവെച്ച് പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. ആജീവനാന്ത യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ഇനി ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പമാണ്. സർക്കാർ നോമിനേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗോൾഡൻ വിസ സംവിധാനങ്ങൾ ആണ് യുഎഇ പുതുതായി ഒരുക്കിയിരിക്കുന്നത്. സ്വത്തിലോ ബിസിനസ്സിലോ ഗണ്യമായ നിക്ഷേപം ആവശ്യമായിരുന്ന പഴയ ഗോൾഡൻ വിസ സംവിധാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ രീതി.
ഇതുവരെ ഇന്ത്യൻ അപേക്ഷകർക്ക് കുറഞ്ഞത് 2 ദശലക്ഷം ദിർഹം (ഏകദേശം 4.66 കോടി രൂപ) പ്രോപ്പർട്ടി നിക്ഷേപമോ ബിസിനസ് നിക്ഷേപമോ ഉണ്ടെങ്കിൽ ആയിരുന്നു ഗോൾഡൻ വിസ നൽകി വന്നിരുന്നത്. എന്നാൽ പുതിയ നയം പ്രകാരം, ഇന്ത്യക്കാർക്ക് ഇപ്പോൾ 1,00,000 ദിർഹം (ഏകദേശം 23.30 ലക്ഷം രൂപ) അടച്ചാൽ ആജീവനാന്ത യുഎഇ ഗോൾഡൻ വിസ നേടാൻ കഴിയും. ഇന്ത്യയിൽ നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ റയാദ് ഗ്രൂപ്പിനെ ആണ് യുഎഇ സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളത്.
ആവശ്യമായ യോഗ്യതകൾ അടിസ്ഥാനമാക്കിയും അപേക്ഷിക്കുന്ന വ്യക്തികളുടെ മുൻപശ്ചാത്തല പരിശോധനകൾ പൂർത്തിയാക്കിയും ആയിരിക്കും ഗോൾഡൻ വിസ നൽകുക. ഏതെങ്കിലും വിധത്തിലുള്ള ക്രിമിനൽ റെക്കോർഡുകളോ കള്ളപ്പണം വെളുപ്പിക്കൽ കേസുകളോ തുടങ്ങി സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ വരെ പശ്ചാത്തല പരിശോധനയിൽ ഉൾപ്പെടുന്നതായിരിക്കും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വൺ വാസ്കോ സെന്ററുകൾ, റയാദ് ഗ്രൂപ്പിന്റെ രജിസ്റ്റർ ചെയ്ത ഓഫീസുകൾ, ഓൺലൈൻ പോർട്ടൽ അല്ലെങ്കിൽ സമർപ്പിത കോൾ സെന്റർ വഴി ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Discussion about this post