ആറ്റുനോറ്റ് ഒരു കമ്പനി ഉണ്ടാക്കുക. ഉത്പന്നത്തിന് ആജീവനാന്ത ഗ്യാരണ്ടി നൽകുക. ഉറപ്പിനും ഗുണമേന്മയ്ക്കും യാതൊരുവിധ കോംപ്രമൈസുമില്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുക. ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം. എന്നാലാ ആപ്തവാക്യം നടപ്പിലാക്കി തങ്ങളുടെ മേഖലയിൽ മുടിചൂടാമന്നൻമാരായി നിന്നിരുന്ന കമ്പനി ഉണ്ട്. ഉണ്ടെന്നല്ല ഇനി ചിലപ്പോൾ ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരും. ആത്മാർത്ഥത അൽപ്പം കൂടിപ്പോയപ്പോൾ കമ്പനിയ്ക്ക് വന്നതാകട്ടെ തീരാനഷ്ടവും. ഒടുവിലിപ്പോൾ പാപ്പരത്വ ഹർജി നൽകിയിരിക്കുകയാണ് ഈ കമ്പനി. പ്രമുഖ പ്ലാസ്റ്റിക് പാത്ര നിർമ്മാണ കമ്പനിയായ ടപ്പർവെയർ ആണ് നഷ്ടത്തെ തുടർന്ന് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലോറിഡ ആസ്ഥാനമായ കമ്പനി ഉത്പന്നങ്ങളുടെ പ്രിയം കുറഞ്ഞതോടെയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ടപ്പർവെയറിനും അനുബന്ധ സ്ഥാപനങ്ങൾക്കുമായി 500 ദശലക്ഷം ഡോളർ മുതൽ ഒരു കോടി ഡോളർ വരെ ആസ്തികളും ഒരു കോടി ഡോളർ മുതൽ 10 കോടി ഡോളർ വരെ കടവും ഉള്ളതായി ഹർജിയിൽ പറയുന്നു.
രസതന്ത്രജ്ഞനായ ഏൾ ടപ്പർ ആണ് 1940 കളിൽ ടപ്പർ വെയർ ബ്രാൻഡ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. വായു കടക്കാത്ത പാത്രങ്ങൾ നിർമിക്കുന്നതിനായി വൃത്തിയുള്ളതും ഗുണമേൻമയുള്ളതുമായ പ്ലാസ്റ്റിക് അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതിൻറെ ‘എയർടൈറ്റ് സ്വഭാവം’ സ്‌കൂളുകളിലേക്കുള്ള ഭക്ഷണപാത്രങ്ങളായി ഇവ മാറാൻ കാരണമായി. നേരിട്ടുള്ള വിൽപന പ്രചാരണത്തിൻറെ ചുവടുപിടിച്ചാണ് ഇവ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടത്.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ടപ്പർ വെയർ ജനങ്ങൾക്കിടയിൽ തരംഗമായത്. സ്ത്രീകൾ വീട്ടിൽ ടപ്പർവെയർ പാർട്ടികൾ നടത്തിയായിരുന്നു ഉത്പന്നം വിറ്റഴിച്ചത്. ഇത് സ്ത്രീകൾക്ക് ധനസമ്പാദനത്തിനുള്ള മാർഗവും കൂടിയായിരുന്നു.
ടപ്പർവെയർ പാപ്പരത്വ ഹർജി നൽകിയതോടെ ഉപഭോക്താക്കൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് തുടങ്ങി. നിരവധി മീമുകളും പ്രതികരണത്തിന്റെ ഭാഗമായി. കമ്പനി തകരാൻ പ്രധാനമായും രണ്ടുകാരണങ്ങളുണ്ടെന്നാണ് സൈബർ പുലികൾ മീമിലൂടെ ചൂണ്ടിക്കാട്ടുന്നത്. വളരെക്കാലം കേടുകൂടാതെ ഉപയോഗിക്കാൻ പറ്റുമെന്നതിനാൽ പുതിയത് ആവശ്യമില്ലാതായതാണ് ഒരു കാരണം. ടപ്പർ വെയർ പാത്രങ്ങൾ കളഞ്ഞ് പോയാൽ വീട്ടിൽ തിരിച്ചുവരുമ്പോൾ അമ്മ വഴക്ക് പറയുന്നതാണ് മറ്റൊരു കാരണം. അതുകൊണ്ട് ഈ കമ്പനിയുടെ പാത്രങ്ങൾ കുട്ടികളും വേണ്ടെന്ന് വെച്ചത്രെ.നല്ല പ്രോഡക്ട് ഉണ്ടാക്കുക, അത് ദീർഘകാലം ഈടു നിൽക്കുക, കമ്പനി കടക്കെണിയിലാകുക, ഇതാണ് ടപ്പർ വെയറിനു സംഭവിച്ചതെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് മഹാമാരിയും പിന്നീടുണ്ടായ യുക്രെയ്ൻ യുദ്ധവുമെല്ലാം സാരമായി ബാധിച്ചതായി പ്രസിഡൻറും സി.ഇ.ഒയുമായ ലോറി ആൻ ഗോൾഡ്മാൻ പറഞ്ഞു. 2021 ന്റെ മൂന്നാം പാദം മുതൽ വിൽപനയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.പകർച്ചവ്യാധിക്ക് ശേഷമുള്ള അസംസ്‌കൃത വസ്തുക്കളുടെ ചെലവുകൾ, തൊഴിലാളികൾ, ചരക്ക് ചെലവുകൾ എന്നിവയിലെ വർദ്ധനവ് കമ്പനിയുടെ കണക്കുകൂട്ടലുകൾ പാടെ തകർത്തു. പാപ്പരത്ത കേസിൽ കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ വിൽപന സുഗമമാക്കുന്നതിനും പ്രവർത്തനം തുടരുന്നതിനും കഴിയു?മെന്നാണ് കമ്പനിയുടെ പ്രതീക്ഷ.









Discussion about this post