ചെന്നൈ : ടീമിനാവശ്യമുള്ളപ്പോഴെല്ലാം ഉജ്ജ്വല പ്രകടനം നടത്തിയിട്ടുള്ള ഋഷഭ് പന്ത് ചെന്നൈ ടെസ്റ്റിൽ സെഞ്ച്വറിയടിച്ചതോടെ സഞ്ജു സാംസണ് ടെസ്റ്റ് ടീമിൽ കയറിപ്പറ്റൽ ഇനി അത്ര എളുപ്പമാകില്ല. ചെന്നൈ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ തകർച്ചക്കിടെ ക്രീസിലെത്തി 39 റൺസെടുത്ത പന്ത് രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം നടത്തുകയായിരുന്നു. 128 പന്തിൽ 13 ബൗണ്ടറികളും നാല് സിക്സറുകളും പറത്തി 109 റൺസ് നേടിയാണ് പന്ത് പുറത്തായത്.
വലിയൊരു അപകടത്തെ അതിജീവിച്ച് ടീമിലേക്ക് തിരികെയെത്തിയ ഋഷഭ് പന്തിന്റെ രണ്ടാം വരവിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്. രണ്ടിന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ മലയാളിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണ് ഉടനെയെങ്ങും ടെസ്റ്റ് ടീമിൽ സ്ഥാനം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായി. ദുലീപ് ട്രോഫിയിൽ സഞ്ജു ഇന്ത്യ ബിക്കെതിരെ കഴിഞ്ഞ ദിവസം സെഞ്ച്വറി തികച്ചപ്പോൾ ആരാധകരും പ്രതീക്ഷയിലായിരുന്നു.
സഞ്ജുവിനു പകരം ഋഷഭ് പന്തിനെയും കെ.എൽ രാഹുലിനേയും കളിപ്പിക്കുന്നതിനെതിരെ സഞ്ജുവിന്റെ ആരാധകർ വൻ വിമർശനം സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇളക്കി വിട്ടിരുന്നു. ബിസിസിഐയുടെ ഫേസ്ബുക്ക് പേജിലും നിരവധി കമന്റുകളിട്ട് സഞ്ജു ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അടിക്കടി മികച്ച പ്രകടനം നടത്താൻ ഋഷഭ് പന്തിനു കഴിയുന്നതോടെ സഞ്ജുവിന്റെ ടെസ്റ്റ് ടീം പ്രവേശനം ഏതാണ്ട് അവസാനിച്ച മട്ടാണ്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ ആർ.അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ഉജ്ജല ഇന്നിംഗ്സിന്റെ പിൻബലത്തിൽ 376 റൺസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ 149 റൺസിനു പുറത്താക്കിയിരുന്നു. ബംഗ്ലാദേശിനെ ഫോളോ ഓണിനു വിടാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 4 വിക്കറ്റിന് 287 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 119 റൺസെടുത്ത് ശുഭ്‌മാൻ ഗില്ലും 22 റൺസെടുത്ത് കെ.എൽ രാഹുലും പുറത്താകാതെ നിന്നു. 515 റൺസാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം.
Discussion about this post