വാഷിംഗ്‌ടൺ: റഷ്യ യുക്രൈൻ യുദ്ധത്തിന്റെയും, അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ തന്റെ മൂന്ന് ദിവസ സന്ദർശനത്തിന് വേണ്ടി അമേരിക്കയിലെത്തി നരേന്ദ്ര മോദി. പ്രധാനമായും ക്വാഡ് അംഗരാജ്യങ്ങളുടെ രാഷ്ട്ര തലവന്മാരുടെ യോഗമാണ് മോദിയുടെ പ്രധാന സന്ദർശന ലക്‌ഷ്യം. റഷ്യ യും യുക്രൈനും സന്ദർശിച്ചതിനു ശേഷമാണു ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോൾ അമേരിക്കയിൽ എത്തിയിരിക്കുന്നത്.
ചൈനയുമായുള്ള പ്രശ്നങ്ങൾ ഇന്ത്യ രമ്യമായി പരിഹരിക്കുകയും, റഷ്യയുമായി പരസ്യമായി അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ചേരിയോടുള്ള ഇന്ത്യയുടെ സമീപനം എന്തായിരിക്കും എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
വിൽമിംഗ്ടണിൽ പ്രസിഡൻ്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ നിന്നാണ് മോദിയുടെ അമേരിക്കൻ കാര്യപരിപാടികൾ ആരംഭിക്കുന്നത്. മറ്റ് ആഗോള നേതാക്കൾക്കൊപ്പം ബൈഡന്റെ ജന്മനാട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.
ഇതിനെത്തുടർന്ന്, മോദി ന്യൂയോർക്കിലേക്ക് പോകും, അവിടെ അദ്ദേഹം സെപ്റ്റംബർ 22 ന് ലോംഗ് ഐലൻഡിൽ ഒരു വലിയ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യും. അടുത്ത ദിവസം, സെപ്റ്റംബർ 23, ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് യുഎൻ ഉച്ചകോടിയിൽ സംസാരിക്കും. ന്യൂയോർക്കിലെ നാസാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിലാണ് അദ്ദേഹം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുന്നത്.
Discussion about this post