കണ്ണൂർ: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്. കോടികളുടെ തിരിമറിയും തട്ടിപ്പും ഇത്തവണ നടന്നത് പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിൽ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒടുവിൽ ഗത്യന്തരമില്ലാതെ നടപടികളിലേക്ക് കടന്നിരിക്കുകയാണ് സി പി എം. മലയോരത്ത് മൂന്ന് ബ്രാഞ്ചുകളുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത്
ബാങ്കിൽ കോടികളുടെ വായ്പ തിരിമറിയും നിക്ഷേപത്തട്ടിപ്പും നടന്നതായി സഹകരണസംഘം ഓഡിറ്റിലാണ് കണ്ടെത്തിയത് . കാലാവധിയെത്തിയിട്ടും നിക്ഷേപത്തുക തിരിച്ചു നൽകാത്തതും മരിച്ചയാളുടെ പേരിൽ വ്യാജ സാക്ഷി ഒപ്പിട്ട് വായ്പ്പയെടുത്തതും പരിശോധനയിൽ തെളിഞ്ഞു . ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയതായും കണ്ടെത്തി..
എന്നാൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി നേതൃത്വം സ്വീകരിച്ചു എന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമായി.ഇതിനെ തുടർന്നാണ് നടപടിയെടുക്കാൻ നേതൃത്വം നിർബന്ധിതരായത്.
ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ ഇ.ടി. ജോസ്, ലോക്കൽ കമ്മിറ്റി അംഗം പി. ഷിനോജ്, ബാങ്ക് ജീവനക്കാരനും മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ ശിവദാസൻ, ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി നേതാവുമായ ഇ.എസ്. സത്യൻ എന്നിവർക്കെതിരെയാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.
Discussion about this post