കോട്ടയം; പോലീസ് സ്‌റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് കഴിക്കാനെത്തിയ യുവാവിന് മർദ്ദനമേറ്റതായി പരാതി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് പരാതിക്കാരൻ.നോർത്ത് പറവൂർ പോലീസിനെതിരെയാണ് പരാതി. മർദ്ദിച്ച ശേഷം ബലംപ്രയോഗിച്ച് സദ്യ കഴിക്കാൻ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോൾ തല്ലിയെന്നും സുമിത്ത് പറയുന്നു. മർദനത്തിൽ അവശനായതോടെ സുമിത്തിനെ പോലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇസിജി പരിശോധനയിൽ വ്യത്യാസങ്ങൾ കണ്ടെത്തിയതോടെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും കൂട്ടാക്കിയില്ലെന്നും യുവാവ് ആരോപിക്കുന്നു.
ഉത്രാടദിനത്തിലായിരുന്നു സംഭവം. സ്റ്റേഷനിൽ കാന്റീൻ ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സ്റ്റേഷനിലേക്ക് എത്തിയത്രേ. എല്ലാവരും മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്. അതിനാൽ തന്നെ അവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും യുവാവ് പറയുന്നു. മണമില്ലാത്ത വസ്തുവാണോ കുടിച്ചതെന്ന് ചോദിച്ച് മർദിച്ചതായും പിന്നാലെ പോലീസുകാർ നിർബന്ധിച്ച് സദ്യ കഴിപ്പിച്ചെന്നും സുമിത്ത് ആരോപിക്കുന്നു.
ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായും സുമിത്ത് പറയുന്നു. രണ്ട് ദിവസത്തിന് ശേഷം പോലീസ് സെക്കൻഡ് ഹാൻഡ് ഫോൺ നൽകി. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് തനിക്കെതിരെ കേസെടുത്തതായും സുമിത്ത് പറയുന്നു.
Discussion about this post