ഹോങ്കാംഗ് : ദമ്പതികൾക്ക് യാത്രാ വിലക്കേർപ്പെടുത്തി വിമാന കമ്പനി. വിമാനത്തിൽ വഴക്കുണ്ടാക്കുകയും സഹയാത്രക്കാരെ തെറി വിളിക്കുകയും കൈയോറ്റം ചെയ്തതിനെ തുടർന്നാണ് ദമ്പതികളെക്കതിരെ നടപടി സ്വീകരിച്ചത്. ഹോങ്കോംഗ് സ്വദേശികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പസഫിക് എയർലൈനിലാണ് സംഭവം .
യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് കൊണ്ട് ചൈനീസ് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് വിമാന കമ്പനി ദമ്പതികൾക്കെതിരെ നടപടി എടുത്തത്.
യാത്രയ്ക്കിടെ യുവതി സീറ്റ് ചരിച്ചുവെച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. സീറ്റിന് മുന്നിലുള്ള സ്‌ക്രീൻ കാണാൻ കഴിയുന്നില്ലെന്നും സീറ്റ് നിവർത്തി വെയ്ക്കണമെന്നും യുവതിയോട് ദമ്പതികൾ ആവശ്യപ്പെട്ടു. എന്നാൽ യുവതി കേട്ട ഭാവം കാണിച്ചില്ല. ഇതോടെ പിന്നിലിരുന്ന സ്ത്രീ തന്റെ കാൽ യുവതിയുടെ സീറ്റിന്റെ ആം റെസ്റ്റിന് മുകളിൽ വെച്ചു. പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചും തെറി വിളിയും തുടങ്ങുകയായിരുന്നു. പിന്നീട് അവരുടെ ഭർത്താവ് സീറ്റിന് പിറകിൽ നിന്ന് തള്ളാൻ തുടങ്ങിയതായി യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. കൂടാതെ സ്ത്രീ യുവതിയുടെ കൈയിൽ അടിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് യുവതി ജീവനക്കാരോട് വിവരം അറിയിച്ചു. സീറ്റ് നിവർത്തി വെയ്ക്കാനായിരുന്നു അവരുടെയും നിലപാട്. താൻ എന്തിന് ഇത്തരം ആവശ്യത്തിന് വഴങ്ങണമെന്ന് ചോദിച്ച് യുവതി ജീവനക്കാരെയും ചോദ്യം ചെയ്തു. ഇതോടെ മറ്റ് യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെട്ടു. യാത്രയ്ക്ക് ശേഷം യുവതി ഇക്കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികളെ തങ്ങളുടെ വിമാനങ്ങളിൽ നിന്ന് വിലക്കിയെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
Discussion about this post