അഗർത്തല : കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ത്രിപുര സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയെ തുടർന്ന് ത്രിപുരയിൽ തീവ്രവാദികളുടെ വലിയൊരു സംഘം തന്നെ കീഴടങ്ങി. 500 ഓളം തീവ്രവാദികളാണ് ചൊവ്വാഴ്ച സംസ്ഥാന സർക്കാരിന് മുൻപിൽ കീഴടങ്ങിയത്. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT), ഓൾ ത്രിപുര ടൈഗർ ഫോഴ്സ് (ATTF) എന്നീ തീവ്രവാദ സംഘടനകളിലെ പ്രവർത്തകരാണ് സംസ്ഥാന സർക്കാരിന് മുൻപിൽ കീഴടങ്ങിയത്.
ത്രിപുര മുഖ്യമന്ത്രി ഡോ മണിക് സാഹയ്ക്ക് മുന്നിൽ ആയുധങ്ങൾ സമർപ്പിച്ചാണ് തീവ്രവാദികൾ കീഴടങ്ങുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ഏഴാം ബറ്റാലിയൻ ആസ്ഥാനമായ സെപാഹിജാല ജില്ലയിലെ ജാംപുയിജാലയിലാണ് ദേശീയ ശ്രദ്ധ നേടിയ ഈ കീഴടങ്ങൽ ചടങ്ങ് നടന്നത്. എൻഡിഎ സർക്കാർ അധികാരത്തിലേറിയ ശേഷം വടക്കുകിഴക്കൻ മേഖലയിൽ നിരവധി തീവ്രവാദ സംഘടനകൾ ആണ് കീഴടങ്ങിയിട്ടുള്ളത്.
അത്യാധുനിക ആയുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെയാണ് ഇന്ന് നടന്ന തീവ്രവാദ സംഘടനകളുടെ കീഴടങ്ങൽ ചടങ്ങിൽ സംസ്ഥാന സർക്കാരിന് മുൻപിൽ സമർപ്പിക്കപ്പെട്ടത്. വടക്കുകിഴക്കൻ മേഖലയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ കീഴടങ്ങൽ ആയിരുന്നു ഇന്ന് ത്രിപുരയിൽ നടന്നത്. ത്രിപുര സർക്കാരിന്റെ കണക്കനുസരിച്ച് 580 പേരാണ് തീവ്രവാദ സംഘടന വിട്ട് സമാധാനത്തിന്റെ പാതയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സെപ്തംബർ നാലിന് ന്യൂഡൽഹിയിൽ വച്ച് ഒപ്പുവെച്ച സമാധാന ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് ത്രിപുരയിലെ ഈ തീവ്രവാദ സംഘടനകളുടെ കീഴടങ്ങൽ. വടക്ക് കിഴക്കൻ മേഖലയിലെ വിഘടന വാദങ്ങൾക്ക് പൂർണ അറുതി വരുത്തുമെന്നും സമാധാനം പുനസ്ഥാപിക്കും എന്നും കേന്ദ്രസർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ത്രിപുര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്നിരുന്ന തീവ്രവാദ സംഘടനകളിൽ ഒന്നായ
എൻഎൽഎഫ്‌ടി സമ്പൂർണ്ണമായി പിരിച്ചു വിടുന്നതായി കീഴടങ്ങിൽ ചടങ്ങിൽ വച്ച് പ്രസിഡൻ്റ് ബിശ്വ മോഹൻ ദേബ്ബർമ വ്യക്തമാക്കി.
Discussion about this post