തിരുവനന്തപുരം:മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന് വേലു കുറുപ്പ്, അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.മൃതദേഹം നാളെ വഴുതക്കാട്ടുള്ള വസതിയില്‍ എത്തിക്കും
ഞ്ജാനപീഠ പുരസക്കാരം പത്മശ്രീ, പത്മഭൂഷണന്‍ എന്നിവ നേടിയ കവി മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്മാന് സ്ഥാനവും വഹിച്ചു. 2007ലാണ് ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തെ തേടി എത്തിയത്. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും ഗാനങ്ങള്‍ എഴുതി.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായി. കൊല്ലം എസ്.എന്‍.കോളജില്‍ ബിരുദപഠനം. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി പ്രവര്‍ത്തിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
കലാ രംഗത്തിന് പുറമെ രാഷ്ട്രീയ സാമൂഹ്യ രംഗത്തും മാര്‍ഗ്ഗ ദര്‍ശനം നല്കിയ വ്യക്തിത്വമായിരുന്നു ഒഎന്‍വി. 1989ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ എ. ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.
1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. മയില്‍പ്പീലി, വളപ്പൊട്ടുകള്‍, പെങ്ങള്, ഗോതമ്പുമണികള്‍, ഭൂമിക്കൊരു ചരമഗീതം ,ഉപ്പ്, തുടങ്ങി നിരവധി കവിതകള്‍ അദ്ദേഹം മലയാളിയ്ക്കായി പങ്കുവച്ചു. കവിതകള്‍ കേള്‍ക്കാനും ചൊല്ലാനും ഉള്ളത് കൂടിയാണെന്ന് തന്റെ ആലാപന ശൈലിമാധുര്യം കൊണ്ട് തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം.
പതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 (അഗ്നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1975 അക്ഷരം), എഴുത്തച്ഛന് പുരസ്കാരം (2007), ചങ്ങമ്പുഴ പുരസ്കാരം, സോവിയറ്റ്ലാന്‍ഡ് നെഹ്റു പുരസ്കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ പുരസ്കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂര്‍ പുരസ്കാരം, ആശാന് പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം. എന്നിവ ലഭിച്ചു.
12 തവണ മികച്ച ഗാനരചയിതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. കെപിഎസിയുടെ നാടകഗാനങ്ങളിലുടെ ശ്രദ്ധേയനായ ഗാനരചയിതാവ് പിന്നീട് മലയാളി മറക്കാനാകാത്ത ഒരു പാട് പാട്ടുകള്‍ സമ്മാനിച്ചു.
Discussion about this post