ഷിംല : ഭക്ഷണശാലകളും വഴിയോര കച്ചവടക്കാരും കട ഉടമയുടെ പേര് വിവരങ്ങൾ സ്ഥാപനത്തിന് മുൻപിലായി പ്രദർശിപ്പിക്കണമെന്ന് ഹിമാചൽ പ്രദേശ് സർക്കാർ. നേരത്തെ ഉത്തർപ്രദേശ് പുറത്തിറക്കിയിരുന്ന ഉത്തരവിന് സമാനമായാണ് ഹിമാചലിലെ കോൺഗ്രസ് സർക്കാർ വഴിയോര കടകൾക്കും ഭക്ഷണശാലകൾക്കും പുതിയ ഉത്തരവ് നൽകിയിരിക്കുന്നത്.
പൊതുമരാമത്ത് നഗരവികസന, മുനിസിപ്പൽ കോർപ്പറേഷനുമായി നടത്തിയ സംയുക്ത യോഗത്തിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹിമാചൽപ്രദേശിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് അറിയിച്ചു. തെരുവുകളിൽ വിൽക്കുന്ന ഭക്ഷണത്തിൻ്റെ ശുചിത്വത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനാണ് ഇത്തരം ഒരു തീരുമാനമെടുത്തിരിക്കുന്നത് എന്നും ഹിമാചൽ സർക്കാർ വ്യക്തമാക്കി.
നേരത്തെ സെപ്തംബർ 24നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് നേരിടാൻ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തർപ്രദേശ് സർക്കാർ ഇങ്ങനെയൊരു നിർദ്ദേശം പ്രഖ്യാപിച്ചിരുന്നത്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം ഉടമയുടെ വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതും നിർബന്ധമാണെന്നാണ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്.
Discussion about this post