ബെയ്ജിംഗ് : ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരസ്യ പരീക്ഷണവുമായി ചൈന. ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടിയെടുത്തു എന്നാണ് പറക്കൽ പരീക്ഷണത്തിനുശേഷം ചൈന വ്യക്തമാക്കിയത്. ചൈനീസ് പ്രതിരോധ മന്ത്രാലയം ആണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയതായി പ്രഖ്യാപിച്ചത്.
യുഎസ് നഗരങ്ങളെ പോലും ലക്ഷ്യമാക്കി ആക്രമണം നടത്താൻ കഴിയുന്നതാണ് ചൈന പരീക്ഷിച്ചിരിക്കുന്ന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ. നിലവിൽ ചൈനീസ് റോക്കറ്റ് ഫോഴ്‌സിന് DF-31AG, DF-5B, DF-41 എന്നിവയുൾപ്പെടെയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ആണുള്ളത്. കൂടാതെ പീപ്പിൾസ് ലിബറേഷൻ ആർമി നാവികസേനയുടെ ജെഎൽ-2 അന്തർവാഹിനി വിക്ഷേപിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉള്ളതായും ചൈനീസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഏഷ്യ-പസഫിക് മേഖലയിൽ മിസൈൽ പരീക്ഷണങ്ങൾ നിരവധിയാണ് നടന്നുവരുന്നത്. ഈ മാസം ആദ്യമാണ് മേഖലയിൽ ഉത്തര കൊറിയ നിരവധി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയത്. നിലവിൽ ചൈന പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പസഫിക് സമുദ്രത്തിലേക്ക് ആണ് വിക്ഷേപിച്ചത്.
Discussion about this post