ടെൽ അവീവ്: ഹിസ്‌ബൊള്ളയെ വേരടക്കം പിഴുതെടുക്കാൻ തന്നെയാണ് ഇസ്രായേൽ ശ്രമം എന്ന് വ്യക്തമാക്കി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറൽ ഹെർസി ഹാലേവി. വ്യോമാക്രമണത്തിന് പിന്നാലെ ലെബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹാലേവി വ്യക്തമാക്കി.
ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി മിസൈലുകൾ ആക്രമണം രൂക്ഷമാക്കിയതിനു പിന്നാലെയാണ് കരയുദ്ധത്തിലേക്ക് കൂടെ കടക്കുമെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചിരിക്കുന്നത്. ലെബനനിൽ കരയുദ്ധത്തിന് സജ്ജരാകാൻ ഇസ്രയേൽ സൈനികർക്ക് ഹാലേവി നിർദേശം നൽകിയിട്ടുണ്ട് . ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാൻ ഒരുങ്ങിയിരിക്കണമെന്നാണ് സൈനികർക്ക് നിർദേശം നൽകിയത്.
ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്‍റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ഹിസ്‌ബൊള്ള ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചിരിന്നു. ഈ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് കരയാക്രമണം ഇസ്രായേൽ പ്രഖ്യാപിച്ചത്.
Discussion about this post