ന്യൂഡൽഹി : സൈനികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ കനകുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ചെടുത്ത് പ്രതിരോധ ഉപകരണ നിർമ്മാതാക്കൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയിലെ ഗവേഷകരുമായി ചേർന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) വികസിപ്പിച്ചെടുത്തത്.
ഐഐടി ഡൽഹിയിലെ ഡിആർഡിഒ ഇൻഡസ്ട്രി അക്കാദമിയ സെന്റർ ഓഫ് എക്‌സലൻസിൽ (ഡിഐഎ-കോഇ) വികസിപ്പിച്ച ജാക്കറ്റുകൾ ഉയർന്ന ഭീഷണിയുടെ തോത് ലഘൂകരിക്കാൻ പ്രാപ്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കൂടാതെ ഇവ ഇപ്പോൾ ഉള്ള ജാക്കറ്റിനേക്കാൾ ഭാരം കുറഞ്ഞവയാണെന്നും അവർ കൂട്ടിച്ചേർത്തു.
വ്യത്യസ്ത ബിഐഎസ് ലെവലുകൾക്ക് 8 കി.ഗ്രാം ഭാരവും 9.3 കി.ഗ്രാം ഭാരവുമാണ് ഉള്ളത്. ഇവ മോഡുലാർ-ഡിസൈൻ ജാക്കറ്റുകളാണ്. കൂടാതെ ഇവ പിന്നിലും മുന്നിലും കവചങ്ങൾ ഒരുക്കിയിട്ടുണ്ട്. 360-ഡിഗ്രി സംരക്ഷണം നൽകുന്നു. മൊത്തം സംരക്ഷണ വിസ്തീർണ്ണം 3,400 ചതുരശ്ര സെന്റിമീറ്ററാണ്. ഇതിൽ റിജിഡ് ഹാർഡ് ആർമർ പാനലുകൾ (എച്ച്എപി), ഫ്‌ലെക്‌സിബിൾ സോഫ്റ്റ് ആർമർ പാനലുകൾ (എസ്എപി), ഇന്ത്യൻ സൈനികർക്കും സുരക്ഷാ സേനയ്ക്കും വേണ്ടിയുള്ള എർഗണോമിക് ഡിസൈൻ ഫീച്ചർ ചെയ്യുന്ന എച്ച്എപികളെയും എസ്എപികളെയും ഉൾക്കൊള്ളാനുള്ള ഒരു കാരിയർ എന്നിവ ഉൾപ്പെടുന്നു. 8 കിലോഗ്രാം ബിഐഎസ് ലെവൽ 5 ജാക്കറ്റുകൾ ഹാർഡ് സ്റ്റീൽ കോർ (എച്ച്എസ്സി), മൈൽഡ് സ്റ്റീൽ കോർ (എംഎസ്സി), എകെ-47 റൈഫിളുകളിൽ നിന്നുള്ള എസ്എൽആർ ബുള്ളറ്റുകൾ എന്നിവയ്ക്കെതിരെ സംരക്ഷണം നൽകുന്നു.
9.3 കിലോഗ്രാം ഭാരമുള്ള ബിഐഎസ് ലെവൽ 6 ജാക്കറ്റുകൾ 25 മില്ലീമീറ്ററിൽ താഴെയുള്ള സ്നൈപ്പർ ബുള്ളറ്റുകൾക്കെതിരെയും എകെ-47 റൈഫിളുകൾക്കെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്നു.
ഈ ജാക്കറ്റുകൾ പോളിമർ . തദ്ദേശീയ ബോറോൺ കാർബൈഡ് സെറാമിക് വസ്തുക്കൾ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസൈൻ കോൺഫിഗറേഷൻ ഉയർന്ന സ്ട്രെയിൻ നിരക്കിലുള്ള വിവിധ വസ്തുക്കളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. തുടർന്ന് ഡിആർഡിഒയുമായി സഹകരിച്ച് ഉചിതമായ മോഡലിംഗും സിമുലേഷനുമാണ് ഒരുക്കിയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു
Discussion about this post