ന്യൂഡൽഹി : ഭാരതത്തിന്റെ സാങ്കേതിക മേഖലകളിലെ ഗവേഷണശക്തി ഏറ്റവും മികച്ചതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുകയാണ് ‘പരം രുദ്ര’ സൂപ്പർ കമ്പ്യൂട്ടറുകൾ.
ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് മിഷന് (എൻഎസ്എം) കീഴിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 130 കോടി രൂപ ചിലവിട്ട് 3 സൂപ്പർ കമ്പ്യൂട്ടറുകളാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ചിട്ടുള്ളത്.
പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലാവസ്ഥാ മോഡലിംഗ്, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ രാജ്യത്തിൻ്റെ ഗവേഷണ ശേഷി ശക്തിപ്പെടുത്തുന്നതായിരിക്കും. ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ ആണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. നിലവിൽ പുനെ , ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ ആണ് ഈ സൂപ്പർ കമ്പ്യൂട്ടറുകൾ വിന്യസിച്ചിട്ടുള്ളത്.
സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് മിഷന് ഏറെ സഹായകരമാക്കുന്നവയാണ് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ.
അത്യാധുനിക ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും ആണ് ഈ സൂപ്പർ കമ്പ്യൂട്ടറുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. മിക്ക ഘടകങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുള്ളതാണ് എന്നുള്ളതും പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകളുടെ സവിശേഷതയാണ്.
പൂനെയിൽ സ്ഥാപിച്ചിട്ടുള്ള പരം രുദ്ര സൂപ്പർ കമ്പ്യൂട്ടർ ജയൻ്റ് മീറ്റർ റേഡിയോ ടെലിസ്‌കോപ്പ് (GMRT) ഫാസ്റ്റ് റേഡിയോ ബർസ്റ്റുകളും (FRBs) മറ്റ് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുടെയും അന്വേഷണത്തിനും ഗവേഷണത്തിനും ആണ് ഉപയോഗിക്കുക. ഡൽഹിയിലെ ഇൻ്റർ-യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെൻ്ററിലാണ് മറ്റൊരു സൂപ്പർ കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുള്ളത്. ഫിസിക്കൽ സയൻസസ്, ന്യൂക്ലിയർ ഫിസിക്സ് എന്നിവയിൽ ഗവേഷണം നടത്തുന്നതിലായിരിക്കും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുക. കൊൽക്കത്തയിലെ എസ്എൻ ബോസ് സെൻ്ററിൽ സ്ഥാപിച്ചിട്ടുള്ള പരം രുദ്ര സൂപ്പർ കമ്പ്യൂട്ടർ ഫിസിക്‌സ്, കോസ്‌മോളജി, എർത്ത് സയൻസ് എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ആണ് മുൻഗണന നൽകുന്നത്.
Discussion about this post