തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേരുകള്‍ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾ വര്‍ദ്ധിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി കേരള പോലീസ്. 155 വ്യാജ വെബ്സൈറ്റുകൾ ആണ് ഇത്തരത്തില്‍ സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഇവ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചൃതായി പോലീസ് അറിയിച്ചു.
പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ വലിയ വിലക്കുറവിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഉള്‍പ്പെടെ ഉള്ളവ വില്‍പന നടത്തുന്നുണ്ട്. ഈ അവസരം നോക്കിയാണ് വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടക്കുന്നത് എന്ന് പോലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഇവരുടെ രീതി.
ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന രീതിയിലാണ് തട്ടിപ്പുകാര്‍ വെബ്സൈറ്റുകൾ നിര്‍മ്മിക്കുന്നത്. എന്നാൽ, ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം പണം നഷ്ടപ്പെടാന്‍ കാരണമാകുന്നു.
വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂവെന്ന് പോലീസ് അറിയിച്ചു. വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് വെബ്സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്ട്സാപ്പ്, എസ് എം എസ്, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ പ്രവേശിക്കരുത് എന്നും പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് വ്യക്തമാക്കി.












