ഷിംല : ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചു. വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സിർമൗർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലാണ് ഒരാൾ മരിച്ചത്.
മേഘവിസ്ഫോടനവും കനത്ത മഴയും മൂലം ഹിമാചൽപ്രദേശിൽ നിരവധി റോഡുകളും പാലങ്ങളും തകർന്നു. നിരവധി മേഖലകളിൽ ഗതാഗത തടസ്സം ഉണ്ടായി. ടോക് നഗ്ല പാലം തകർന്നതിനെത്തുടർന്ന് നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടതായി സിർമൗർ ഡെപ്യൂട്ടി കമ്മീഷണർ സുമിത് ഖിംത അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഇതുവരെ 53 റോഡുകൾ അടച്ചു. സിർമൗർ, കംഗ്ര, മാണ്ഡി, കുളു, ഷിംല എന്നിവയാണ് മേഘവിസ്ഫോടനം ദുരിതം വിതച്ച ജില്ലകൾ. വിവിധ പ്രദേശങ്ങളിലായി 248 പവർ സിസ്റ്റങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വൈദ്യുതി വിതരണത്തിലും വലിയ രീതിയിൽ തടസ്സം ഉണ്ടായി. സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post