തിരുവനന്തപുരം; ഇന്നും ആരോപണങ്ങൾ കടുപ്പിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. പാർട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന് മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാൻ പോകുന്നില്ലെന്ന് അൻവർ തുറന്നടിച്ചു. മുതിർന്ന നേതാക്കൾ ഇരിക്കെ ഒരേസമയം മന്ത്രിസ്ഥാനവും സെക്രട്ടറിയേറ്റ് അംഗത്വവും റിയാസിന് നൽകിയത് ശരിയായില്ലെന്നും നിലമ്പൂർ എംഎൽഎ പറയുന്നു.
ഇത്രയും മുതിർന്ന നേതാക്കൾ ഇരിക്കെയാണ് റിയാസ് മന്ത്രിയായത്. മന്ത്രിയാവാൻ റിയാസിന് അർഹതയുണ്ട്. ഏത് പൊട്ടനും മന്ത്രിയാവാം. കക്ഷിയുടെയും കച്ചവടബന്ധത്തിന്റെയും ഭാഗമായി ഇവിടെ പലരും മന്ത്രിയായിട്ടുണ്ട്. മന്ത്രി സ്ഥാനം അത്ര വലിയ സംഭവമല്ല. അങ്ങനെ തോന്നിയിട്ടില്ല. ഒരേ സമയം റിയാസിനെ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവും ആക്കേണ്ട വേഗത വേണ്ടിയിരിന്നോ ശരിയായില്ല. അക്കാര്യം റിയാസിനോട് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ശത്രുക്കളുണ്ടാവുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും അൻവർ വ്യക്തമാക്കി.
ഇന്നലെയും അൻവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പാർട്ടി ഇവിടെ നിൽക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിർത്താനല്ല പാർട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി വി അൻവറിന്റെ നെഞ്ചത്ത് കേറാൻ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ എന്നായിരുന്നു പത്രസമ്മേളനത്തിൽ അൻവർ ചോദിച്ചത്.
ഇനി കോടതി നടപടിയിലേക്ക് പോകുമെന്നും ബഹുമാനപ്പെട്ട കോടതി ഇനി കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.












