ആരാധിക ചമഞ്ഞെത്തി ഇന്‍ഫ്‌ലുവന്‍സറെ പറ്റിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും കൊണ്ടുപോയ യുവതി പൊലീസ് പിടിയില്‍ ദില്ലിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനൊപ്പം ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്നാണ് യുവതിയെ പിടികൂടിയതെന്നും ഹരിയാനയിലെ വീട്ടില്‍ നിന്ന് 100 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുവതി തന്റെ കയ്യില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നു എന്ന് കാണിച്ച് ഇന്‍ഫ്‌ലുവന്‍സര്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സെപ്തംബര്‍ 18 -നായിരുന്നു ഈ സംഭവം. ഫോട്ടോഷൂട്ടിനായി ഇന്ഫ്‌ലുവന്‍സറെ സമീപിച്ചതായിരുന്നു യുവതി. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പൂരിലുള്ള യുവാവിന്റെ ഓഫീസില്‍ വച്ച് കാണാനാണ് ഇരുവരും തീരുമാനിച്ചത്. ഫോട്ടോഷൂട്ടില്‍ എല്ലാ ആഭരണങ്ങളും ധരിക്കാനും യുവതി ഇന്‍ഫ്‌ലുവന്‍സറോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) അങ്കിത് ചൗഹാന്‍ പറഞ്ഞത്.
അങ്ങനെ ഫോട്ടോയെടുക്കുന്ന സമയത്ത് ഇന്‍ഫ്‌ലുവന്‍സറിന് ഒരു ഫോണ്‍ കോള്‍ വന്നു. ആ സമയത്ത് യുവതി ധരിച്ചിരുന്ന ആഭരണങ്ങളും കൊണ്ട് കടന്നു കളയുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. 100 ഗ്രാം സ്വര്‍ണാഭരണങ്ങളുമായിട്ടാണ് യുവതി കടന്നുകളഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതി മണാലിയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെവച്ചാണ് ഇവരെ പിടികൂടിയത്. പിന്നീട് ഇവരുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആഭരണങ്ങള്‍ മോഷ്ടിക്കുക എന്നത് തന്റെ പദ്ധതിയായിരുന്നില്ല. ഇന്‍ഫ്‌ലുവന്‍സര്‍ നിരവധിപ്പേര്‍ക്ക് സംഭാവനകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ട്. തനിക്കും ഭര്‍ത്താവിനും ജോലി ഇല്ലായിരുന്നു. അങ്ങനെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് യുവതി പറഞ്ഞത്.
Discussion about this post