ഭോപ്പാൽ : മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിന്റെ മതിൽ തകർന്നുവീണ് രണ്ടു പേർ മരിച്ചു. കനത്ത മഴയിൽ ക്ഷേത്രത്തിന്റെ നാലാം ഗേറ്റിന് സമീപമുള്ള മതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
കനത്ത മഴയെ തുടർന്ന് വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിലാണ് മതിൽ തകർന്നത്. സംഭവത്തിൽ പരിക്കേറ്റ നാലുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനായി പോലീസും രക്ഷാപ്രവർത്തകരും ഉടൻ ക്ഷേത്രത്തിലേക്ക് എത്തി. ക്ഷേത്രത്തിൻ്റെ സുരക്ഷയ്ക്കായി ഉടൻ 400 ഹോം ഗാർഡുകളെ വിന്യസിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു.
Discussion about this post