മുംബൈ : ഒരിക്കൽ വിവാഹിതയായ സ്ത്രീക്ക് തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശപ്പെടാൻ ആവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന നിരീക്ഷണം നടത്തിയത്. പൂനെ പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി യുവാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് മനീഷ് പിതാലെ പരാതിക്കാരിയുടെ ആരോപണം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. പരാതി നൽകിയ യുവതി നേരത്തെ തന്നെ വിവാഹിതയായതിനാൽ പ്രതിചേർത്ത വ്യക്തിയെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് വ്യക്തമായി അറിയാവുന്നതാണ്. അതിനാൽ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശമുന്നയിക്കാൻ ആവില്ല എന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങൾ ആയിരുന്നു പരാതിക്കാരി വിശാൽ നാഥ് എന്ന യുവാവിനെതിരെ ഉന്നയിച്ചിരുന്നത്. നേരത്തെ വിവാഹിതനായിരുന്ന ഇയാൾ താനുമായി സൗഹൃദത്തിൽ ആവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. പരാതിയിൽ നിലപാട് വ്യക്തമാക്കിയ ബോംബെ ഹൈക്കോടതി പ്രതിചേർത്ത യുവാവിന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.
Discussion about this post