സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം വിജയകരം. കഴിഞ്ഞ ദിവസമായിമായിരുന്നു എക്‌സ് ക്രൂ9 ന്റെ വിക്ഷേപണം. ഫ്‌ളോറിഡയിലെ കേപ് കനവെറൽ സ്റ്റേഷനിലെ എസ്എൽസി-40 ൽ നിന്നാണ് വിക്ഷേപിച്ചത്.
2024 ജൂൺ 6 മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുകയാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബാരി വിൽമോറും. ഇവരെ ഭൂമിയിലേക്ക് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ച് മാസങ്ങൾ നീണ്ട ദൗത്യത്തിനായി ആണ് ക്രൂ9 വിക്ഷേപിച്ചിരിക്കുന്നത്. കേപ്പ് കനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യൻ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരെയാണ് ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരിക്കുന്നത്. ഇവർ ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയുമായി 2025 ഫെബ്രുവരിയിൽ തിരിച്ച് ഭൂമിയിലേക്ക് എത്തും എന്നാണ് വിവരം.
ഈ പേടകം നാല് പേരെ ഉൾക്കൊള്ളുന്നതാണ്. വില്യംസിന്റെയും വിൽമോറിന്റെയും സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ടാണ് കുതിച്ചുയർന്നത്. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം സെപ്തംബർ 29 ന് ബഹിരാകാശ നിലയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂൺ ആറിനാണ്് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ യാത്ര തിരിച്ചത്. അമേരിക്കൻ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഴ്‌സ്യൽ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ച, വാൽവ് പിഴവുകൾ അടക്കമുള്ള തകരാറുകൾ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി.
Discussion about this post