മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ് നൂറില്‍ നിന്നും പൂജ്യത്തിലേക്ക് താഴ്ന്നു എന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത് അഞ്ചല്ല, 37 മിനിറ്റ് ആണെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.
പിതാവിനോട് എന്ന പോലെയാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. പ്രതിച്ഛായ തകര്‍ത്തത് പി ശശിയെന്ന് അദ്ദേഹത്തോട് തുറന്ന് പറഞ്ഞതായും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നാട്ടിലെ അവസ്ഥ മുഖ്യമന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു. ജനങ്ങൾ വെറുത്തു എന്നും അദ്ദേഹത്തോട് തുറന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടു ഇറങ്ങിയത് നിറ കണ്ണുകളോടെ ആണെന്നും അൻവർ കൂട്ടിച്ചേര്‍ത്തു.
പോലീസിനെതിരെയും പി.വി.അൻവർ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേരളം സ്ഫോടനാത്മകമായ അവസ്ഥയിലാണ് എന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. പോലീസില്‍ 25 ശതമാനവും ക്രിമിനലുകള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തിലെ പോലീസ് ബന്ധവും അന്‍വര്‍ ആവര്‍ത്തിച്ചു. കേരളം വെള്ളരിക്ക പട്ടണമായി. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം ഒരു സംഘം അടിച്ചു മാറ്റുന്നു. സ്വര്‍ണക്കടത്തിന് വേണ്ടി കേരളത്തിൽ കൊലപാതകം നടക്കുന്നു.
കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടങ്ങിയിട്ട് 3 വര്‍ഷമായി. പരാതി നല്‍കിയിട്ടും ഭരണപക്ഷത്തിനോ പോലീസിനോ യാതൊരു കുലുക്കവും ഇല്ലെന്നും പി.വി.അൻവർ തുറന്നടിച്ചു.
വൻ ജനാവലിയാണ് പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എത്തിയിരിക്കുന്നത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലി നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്.
സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയിട്ടുണ്ട്. വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്.
വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം എടക്കര ഏരിയ മുൻ അംഗം മരുത മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എ.സുകു വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞു. നിലമ്പൂരിൽ അൻവർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് സുകു, നിലമ്പൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സിപിഎം ഭരണം നേടിയതിൽ അൻവറിന് നിർണായക പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു. പിണറായി സർക്കാരിന്റെ കാൽക്കിലെ മണ്ണ് ഒലിച്ചുപോവുകയാണെന്ന് സുകു കുറ്റപ്പെടുത്തി.
Discussion about this post