ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 20-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രതിയുടെ വീടിന് തീയിട്ടു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു. തെലങ്കാനയിലെ സിദ്ദിപേട്ട് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഡ്രൈവറായി ജോലിചെയ്യുന്ന ഐ.ടി.ഐ. വിദ്യാര്‍ഥികൂടിയായ യുവാവ് ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സമീപവാസിയായ പെണ്‍കുട്ടിയെ ആരുമില്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് ആരോപണം. ശനിയാഴ്ച നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.
അതിനിടെ, ഏഴുവയസ്സുകാരിയെ 20-കാരന്‍ പീഡിപ്പിച്ചെന്നവിവരം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ ഞായറാഴ്ച ഗ്രാമത്തില്‍ സംഘടിക്കുകയും പ്രതിയുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിടുകയുമായിരുന്നു. പ്രതിയുടെ വീടിന് തീയിട്ട നാട്ടുകാര്‍ വീട്ടിലുണ്ടായിരുന്ന കാറും മണ്ണുമാന്തിയന്ത്രവും തകര്‍ത്തു.
അതേസമയം, പീഡന കേസില്‍ അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ സിദ്ദിപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയതായും പ്രതിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Discussion about this post