ന്യൂഡൽഹി : വിവിധ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട് എന്ന റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെക്ഷൻ 163 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. 2024 സെപ്റ്റംബർ 30 മുതൽ ആറ് ദിവസത്തേക്ക് ആണ് നിരോധനാജ്ഞ നിലനിൽക്കുക എന്നാണ് ഡൽഹി പോലീസ് കമ്മീഷണർ വ്യക്തമാക്കുന്നത്.
ന്യൂ ഡൽഹിയിലും നോർത്ത്, സെൻട്രൽ ജില്ലകളിലും അതിർത്തി പ്രദേശങ്ങളിലും ആണ് ബിഎൻഎസ്എസിൻ്റെ സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. വഖഫ് ബോർഡിലെ നിർദിഷ്ട ഭേദഗതികൾ, ഷാഹി ഈദ്ഗാ പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രതിഷേധങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് എന്ന റിപ്പോർട്ടിനെ തുടർന്നാണ് മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.
ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 163 അനുസരിച്ചുള്ള നിയമമായിരിക്കും അടുത്ത ആറ് ദിവസം ഡൽഹിയിൽ നടപ്പിലാക്കുക. ഡൽഹി പോലീസ് കമ്മീഷണറുടെ ഉത്തരവ് അനുസരിച്ച് 30/09/2024 മുതൽ 5/10/2024 വരെയുള്ള ദിവസങ്ങളിൽ അഞ്ചോ അതിലധികമോ വ്യക്തികൾ അനധികൃതമായി സംഘം ചേരുന്നതും തോക്കുകൾ, ബാനറുകൾ, പ്ലക്കാർഡുകൾ, ലാത്തികൾ, വടികൾ, ഇഷ്ടികകൾ എന്നിവയുമായി സഞ്ചരിക്കുന്നതിനും അടക്കം നിരോധനമുണ്ടായിരിക്കും.
Discussion about this post