ഷിംല : 1968ൽ ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിന് മുകളിൽ വെച്ച് വ്യോമസേനയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ചിരുന്ന സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യൻ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ചവരിൽ നാല് സൈനികരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അപകടം നടന്ന് 56 വർഷത്തിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിലെ ദോഗ്ര സ്കൗട്ടിൻ്റെയും തിരംഗ മൗണ്ടൻ റെസ്‌ക്യൂവിൻ്റെയും സംയുക്ത സംഘമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. 1968 ഫെബ്രുവരി 7 ന് ഛണ്ഡീഗഡിൽ നിന്ന് ലേയിലേക്കുള്ള യാത്രാമധ്യേ ആണ് ഇരട്ട എഞ്ചിൻ AN-12 ടർബോപ്രോപ്പ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കാണാതായിരുന്നത്. മോശം കാലാവസ്ഥയിൽ കുടുങ്ങിയ വിമാനം ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിന് മുകളിൽ ദാരുണമായി തകർന്നു വീഴുകയായിരുന്നു. അപകടത്തിന് ശേഷം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി മഞ്ഞു മൂടി കിടക്കുന്ന ഈ മേഖലയിൽ മൃതദേഹവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്.
2019 വരെയുള്ള കാലയളവിൽ ഈ അപകടത്തിൽപെട്ട അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
2003-ൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ പർവതാരോഹകർ ആയിരുന്നു ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതിനുശേഷം ഇപ്പോഴാണ് നാലു സൈനികരുടെ കൂടി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സൈന്യത്തിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് മൂന്നുപേരുടെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മൽഖാൻ സിംഗ്, ശിപായി നാരായൺ സിംഗ്, ക്രാഫ്റ്റ്‌സ്മാൻ തോമസ് ചെറിയാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
Discussion about this post