മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രി മലപ്പുറം ജില്ലയെ മൊത്തത്തിൽ അപമാനിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നടത്തുന്നത് ജുഗുപ്സാവഹമായ പ്രസ്താവനകളാണ്. തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം എന്നും പി എം എ സലാം ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങളെ തുടർന്നാണ് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കയ്യിൽ എന്തെങ്കിലും ഒരു തെളിവ് ഉണ്ടോ എന്നും പി എം എ സലാം ചോദ്യമുന്നയിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന സ്വർണത്തെക്കുറിച്ച് ആയിരിക്കാം അദ്ദേഹം പറയുന്നത്. എന്നാൽ ഇവിടെ പിടിക്കപ്പെട്ടിട്ടുള്ളവരിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലക്കാരാണ്. എന്നിട്ടും മുഖ്യമന്ത്രി അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടുകയാണ് എന്നും സലാം വ്യക്തമാക്കി.
സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നും പി എം എ സലാം കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹ കുറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മാസപ്പടി വിവാദത്തിൽ കുടുങ്ങിക്കിടക്കുന്ന മകളെയും കുടുംബത്തെയും രക്ഷപ്പെടുത്താൻ ആർഎസ്എസിനെ സന്തോഷിപ്പിക്കാനായി മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടി വരും എന്നും പി എം എ സലാം കുറ്റപ്പെടുത്തി.
Discussion about this post