ബംഗളൂരു: നഗരത്തിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളം ആളുകളിൽ പരിഭ്രാന്തിയ്ക്കിടയാക്കി. ബംഗളൂരുവിൽ വിവിധ ഭാഗങ്ങളിൽ ആയിരുന്നു ജ്വാല പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വാൽനക്ഷത്രമാണെന്ന് വ്യക്തമാക്കി ഗവേഷകർ രംഗത്ത് എത്തി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് വാൽനക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. രാവിലെയായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടത്. അതിവേഗത്തിൽ നീങ്ങിയ നക്ഷത്രത്തെ നിരവധി പേരാണ് കണ്ടത്. ഉടനെ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ഊഹാപോഹങ്ങളും പ്രചരിച്ചു. ഛിന്നഗ്രഹം ആണെന്നും അന്യഗ്രഹ ജീവിയാണെന്നുമുൾപ്പെടെയായിരുന്നു ആളുകളുടെ കണ്ടെത്തൽ. ഇതോടെ ജ്യോതിശാസ്ത്രജ്ഞനായ ദീപക് ചൗധരി ആകാശത്ത് കണ്ടത് വാൽനക്ഷത്രമാണെന്ന് വ്യക്തമാക്കി.
സി/2023 A3 എന്ന വാൽനക്ഷത്രമാണ് പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയാണ് ഈ നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. സെപ്തംബർ 27 നും 28 നും ഇടയിലുള്ള രാത്രിയിലാണ് നക്ഷത്രത്തെ കണ്ടത്. സൂര്യനിൽ നിന്നും 56 മില്യൺ കിലോ മീറ്റർ അകലെയായിരുന്നു ഇതിന്റെ സ്ഥാനം. ഈ മാസവും രാവിലെ നേരങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ നക്ഷത്രം ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post