നീണ്ട 40 വര്‍ഷങ്ങളായി ശാസ്ത്രലോകം ചന്ദ്രനെക്കുറിച്ച് കരുതിപോന്നിരുന്ന ഒരു ധാരണ അടുത്തിടെയുണ്ടായ ഒരു പഠനം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ നിന്നുണ്ടായ ഒരു ഒരു ഭാഗമാണ് ചന്ദ്രനായി രൂപപ്പെട്ടതെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്.
1969 മുതല്‍ 72 വരെ ചന്ദ്രനില്‍ നിന്ന് ശേഖരിച്ച മണ്ണും പാറയും ആധാരമാക്കി നടത്തിയ പഠനങ്ങളില്‍ ഭൂമിയുടേതിന് സമാനമായ ഘടകങ്ങള്‍ ചന്ദ്രന്റെ മണ്ണിലും കണ്ടെത്തിയിരുന്നു. ഇതോടെ സൗരയൂഥം രൂപപ്പെട്ട് 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്‍ ജനിച്ചതെന്നും ഇവര്‍ നിഗമനത്തിലെത്തി. 1984-ലെ കോന കോണ്‍ഫറന്‍സിലാണ് ശാസ്ത്രജ്ഞര്‍ ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ രൂപപ്പെട്ടതെന്ന നിഗമനത്തിലെത്തുന്നത്.
എന്നാല്‍ ഈ മുന്‍നിഗമനങ്ങളെയെല്ലാം തിരുത്തിക്കുറിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. പെന്‍ സ്റ്റേറ്റ് ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. പെന്‍ സ്റ്റേറ്റ് ബെഹ്റന്‍ഡിലെ ജ്യോതിശാസ്ത്ര-ആസ്ട്രോഫിസിക്സ് പ്രൊഫസറായ ഡാരന്‍ വില്യംസ്, പെന്‍ സ്റ്റേറ്റിലെ അപ്ലൈഡ് റിസര്‍ച്ച് ലാബിലെ സീനിയര്‍ റിസര്‍ച്ച് എഞ്ചിനീയര്‍ മൈക്കല്‍ സഗ്ഗര്‍ എന്നിവര്‍ ചേര്‍ന്ന് ദി പ്ലാനറ്ററി സയന്‍സ് ജേണലിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചന്ദ്രന്‍ മാത്രമല്ല മറ്റൊരു ചെറിയ ഗ്രഹവും ഭൂമിയുടെ അടുത്ത് ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തെത്തിയപ്പോള്‍, ആ ഉപഗ്രഹത്തെ ഭൂമി തന്നിലേക്ക് വലിച്ചടുപ്പിക്കുകയും ചെറിയ ഗ്രഹത്തെ തള്ളിക്കളയുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു.
ചന്ദ്രന്റെ ഭ്രമണപഥം ഒരു വൃത്തത്തിന് പകരം ദീര്‍ഘവൃത്താകൃതിയിലാണ് ആരംഭിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിരൂക്ഷമായ വേലിയേറ്റങ്ങള്‍ കാലക്രമേണ അതിന്റെ രൂപം മാറ്റുകയായിരുന്നു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥം ചുരുങ്ങുകയും അത് കൂടുതല്‍ വൃത്താകൃതിയിലാകുകയും ചെയ്തുവെന്നും അവര്‍ വ്യക്തമാക്കുന്നു.
Discussion about this post