വിവാഹമോചനം ഇന്ന് വിവാഹം പോലെ തന്നെ സർവ്വസാധാരണമായി മാറി. പണ്ട് വിവാഹമോചിരാകാൻ പോകുമ്പോൾ ദമ്പതികൾ നേരിടുന്നയത്ര പ്രശ്‌നങ്ങൾ ഇന്ന് നേരിടുന്നില്ലെന്ന് വേണം പറയാൻ. പരസ്പരം ഒരുവിധത്തിലും പൊരുത്തപ്പെടാൻ സാധിക്കില്ലെന്ന് കണ്ടാൽ പരസ്പര സമ്മതത്തോടെ പിരിയുന്നതാണ് ഇരുവരുടെയും മാസിക-ശാരീരിക ആരോഗ്യത്തിന് നല്ലതും. ചില അവസ്ഥകളിൽ ദമ്പതികൾക്ക് മ്യൂച്ചൽ ഡിവോഴ്‌സിന് താത്പര്യം ഉണ്ടാവില്ല. വിവാഹമോചനത്തിന് സമ്മതിക്കാത്ത പങ്കാളികളുമായി നിയമയുദ്ധം നടത്തി വിവാഹമോചനം വാങ്ങിച്ചെടുക്കുന്നവരും ഉണ്ട്.
ചൈനയിലിതാ വളരെ നാടകീയമായ ഒരു സംഭവമാണ് വിവാഹമോചനസമയത്ത് ഉണ്ടായത്. 20 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ബന്ധം അവസാനിപ്പിക്കാനാണ് സ്ത്രീ കോടതിയെ സമീപിച്ചത്. എന്നാൽ ഭർത്താവ് ഇതിന് സമ്മതിച്ചില്ല. കോടതിമുറിയിൽ വച്ച് ഭർത്താവ് ഭാര്യയെ പൊക്കിയെടുത്ത് കൊണ്ടുകളയാൻ ശ്രമിക്കുകയും ചെയ്തു.
ഭർത്താവായ ലി തന്നെ ഉപദ്രവിക്കുന്നുവെന്നും ഗാർഹികപീഡനത്തിന് തനിക്ക് ഇരയാകേണ്ടി വരുന്നു എന്നും കാണിച്ചാണ് ഭാര്യയായ ചെൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. എന്നാൽ, കോടതി ആ വിവാഹമോചനക്കേസ് വിവാഹമോചനം അനുവദിക്കാതെ തള്ളിക്കളയുകയായിരുന്നു. ദമ്പതികൾ തമ്മിൽ അഗാധമായ വൈകാരികബന്ധമുണ്ട് എന്നും ആ ബന്ധത്തിൽ ഇനിയും പ്രതീക്ഷയുണ്ട് എന്നും കാണിച്ചുകൊണ്ടാണ് കോടതി വിവാഹമോചനക്കേസ് തള്ളിയത്. ഇതോടെ ചെൻ വീണ്ടും കേസ് നൽകുകയും എന്നാൽ, ഇത്തവണ കോടതിയിൽ എത്തിയപ്പോൾ ലി ചെന്നിനെ നിലത്ത് നിന്നും എടുത്തുയർത്തി, തന്റെ പുറത്തിരുത്തി കോടതിമുറിയിൽ നിന്നും കടന്നുകളയാൻ ശ്രമിച്ചു. രംഗം വഷളായതോടെ ഉദ്യോഗസ്ഥർ ഇടപെട്ടു. ഇരുവരും ചർച്ച ചെയ്ത് രമ്യതയിലെത്തിയതോടെ ഭാര്യ ഭർത്താവിന് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു.
Discussion about this post