ടെൽ അവീവ് : ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും സമയം മുമ്പ് ടെൽ അവീവിൽ കനത്ത വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണം എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാൽ ഇറാൻ കനത്ത വില നൽകേണ്ടി വരും എന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണങ്ങൾ നടത്തിയാൽ രൂക്ഷമായ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരിയും മുന്നറിയിപ്പ് നൽകി. ഇറാനിൽ നിന്നുള്ള ആക്രമണമുണ്ടായാൽ ഇസ്രായേലിനെ സഹായിക്കാൻ യുഎസ് യുദ്ധവിമാനങ്ങളും കപ്പലുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടാകുന്നതിനു മുൻപ് തന്നെ ജനങ്ങളോട് സുരക്ഷിത സ്ഥലത്ത് അഭയം പ്രാപിക്കാനും ബോംബ് ഷെൽട്ടറുകൾക്ക് സമീപം തുടരാനും ഇസ്രായേൽ ഉത്തരവിട്ടു. ടെഹ്‌റാനിൽ നിന്നുമുള്ള നിരവധി മിസൈലുകൾ വെടിവെച്ചിട്ടതായി ഇസ്രായേൽ വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post