ബോള്‍ഡ് ഫോണ്ടിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ എക്സിന്റെ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് ഉടമ ഇലോണ്‍ മസ്‌ക്. അമിതമായി ബോള്‍ഡാകുന്ന പോസ്റ്റുകള്‍ എക്സിന്റെ പ്രധാന ടൈം ലൈനില്‍ ഇനി പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അക്ഷരങ്ങള്‍ കാഴ്ച്ചക്കാരില്‍ അസ്വസ്ഥതയാണ് ഉളവാക്കുന്നതെന്നും കട്ടികൂടിയ അക്ഷരങ്ങള്‍കൊണ്ട് നിറഞ്ഞ പോസ്റ്റുകള്‍ വായിച്ച് തന്റെ കണ്ണില്‍നിന്ന് ചോരപൊടിയുന്നുവെന്നും മസ്‌ക് എക്സില്‍ കുറിച്ചു.
മുന്‍പ് വെബ്സൈറ്റ് വഴി എക്സ് ഉപയോഗിച്ചിരുന്നവര്‍ക്ക് വേണ്ടി മാത്രം അനുവദിച്ചിരുന്ന ഇറ്റാലിക്സ്, ബോള്‍ഡ് ഫോണ്ടുകള്‍ ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഫോണുകളിലെ എക്സ് ആപ്പില്‍ക്കൂടി ലഭ്യമാക്കിയതിന് പിന്നാലെയാണ് ഈ ് പ്രശ്നം തുടങ്ങിയത്.
ഇതോടെ കുറിപ്പുകളുടെ പ്രത്യേക ഭാഗങ്ങള്‍ ഊന്നിപ്പറയാന്‍ ഉപയോഗിക്കേണ്ട കട്ടികൂടിയ അക്ഷരങ്ങളെ പലരും തലങ്ങും വിലങ്ങും ഉപയോഗിച്ച് തുടങ്ങിയതോടെ പോസ്റ്റുകളുടെ ഭംഗി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ഇവ വായിക്കാനും ഇത്തിരി കഷ്ടപ്പെടേണ്ട സ്ഥിതിയായി. ഇതിനെതിരെ വ്യാപകമായ പരാതിയും ഉയര്‍ന്നു.
ഇത് എക്‌സിന്റെ സ്വീകാര്യതയെ തന്നെ ബാധിക്കും എന്ന ഘട്ടം വന്നപ്പോളാണ് അറ്റകൈ പ്രയോഗവുമായി മസ്‌ക് തന്നെ മുന്നിട്ടിറങ്ങിയത്. ഇനി മുതല്‍ പോസ്റ്റിലെ ബോള്‍ഡ് ഫോണ്ട് വായിക്കണമെങ്കില്‍ ഓരോ പോസ്റ്റിലും കയറിനോക്കണം. പ്രധാനഫീഡില്‍ ഇവ മറഞ്ഞിരിക്കും.
Discussion about this post