ജറുസലേം: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ രംഗത്ത്. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടി വരും. ഞങ്ങളുടെ പക്കല്‍ പദ്ധതികളുണ്ട്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും’ – ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.
അതേസമയം ഇറാനെതിരേയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ്. സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ വെടിവെച്ചിടാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയുദ്ധം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇവ ഇസ്രയേല്‍ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു.
180 മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടതെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കുന്നത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ വധത്തിനും ഗസയിലും ലബനനിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഇറാന്റെ ആക്രമണം.
Discussion about this post