ന്യൂഡൽഹി ;ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ . ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പൂർണ്ണ തോതിലുള്ള യുദ്ധമായി വികസിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ഈ ദുഷ്‌കരമായ സമയത്ത് ആശയവിനിമയത്തിന്റെ പ്രധാന്യം കുറച്ചുകാണരുത്. എന്തെങ്കിലും പറയുകയും കൈമാറുകയും ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ , അതെല്ലാം നമുക്ക് ചെയ്യാൻ കഴിയുന്ന സംഭാവനകളാണെന്ന് താൻ കരുതുന്നു എന്ന് മന്ത്രി പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും പ്രതികാരം അന്തരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും സാധാരണക്കാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിന്റ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം പ്രോട്ടോക്കോളുകൾ പാലിക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിന് മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post