ന്യൂഡൽഹി: അത്യപൂർവ്വ കാഴ്ചകൾ കാണാനായി ആകാശത്തേയ്ക്ക് നോക്കിയിരിക്കുന്ന നിരീക്ഷകർക്ക് സന്തോഷത്തിന്റെ നാളുകളാണ്. കാരണം സഹസ്രാബ്ദങ്ങൾക്ക് മുൻപ് ദൃശ്യമായ വാൽനക്ഷത്രം വീണ്ടും ആകാശത്ത് ദൃശ്യമാകുന്നു. ഇതിനെ ഒരു നോക്ക് കാണാൻ ദിവസങ്ങളായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകരും ഗവേഷകരും.
കോമറ്റ് സി/2023എ3 എന്ന് പേര് നൽകിയിരിക്കുന്ന വാൽനക്ഷത്രമാണ് ദൃശ്യമാകുന്നത്. 80,000 വർഷങ്ങൾക്ക് മുൻപായിരുന്നു അവസാനമായി ഈ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ അവസരം നഷ്ടമായാൽ ഈ ആയുസ്സിൽ ഈ നക്ഷത്രത്തെ ദർശിക്കുക സാദ്ധ്യമല്ല.
ഇന്ത്യയിൽ ഉള്ളവർക്കും ഈ നക്ഷത്രത്തെ കാണാൻ സാധിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ബൈനോകുലർ, ടെലസ്‌കോപ്പ് എന്നിവ കൊണ്ട് കുറച്ചുകൂടി വ്യക്തമായി ഈ നക്ഷത്രത്തെ നമുക്ക് നിരീക്ഷിക്കാൻ കഴിയാം. നീണ്ടവാലോട് കൂടി തന്നെ ഈ നക്ഷത്രത്തെ കാണാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത.
സൂര്യോദയത്തിന് തൊട്ട് മുൻപുള്ള മണിക്കൂറുകളിൽ ആയിരിക്കും ഈ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടുക. കിഴക്കൻ ചക്രവാളത്തിൽ ആയിരിക്കും ഈ നക്ഷത്രം ഉണ്ടായിരിക്കുക. ചന്ദ്രന്റെ സ്ഥാനം നോക്കി ഈ നക്ഷത്രത്തിന്റെ സ്ഥാനം നമുക്ക് എളുപ്പം കണ്ടെത്താമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ചന്ദ്രന് തൊട്ട് താഴെ ആയിരിക്കും ഈ വാൽനക്ഷത്രത്തിന്റെ സ്ഥാനം. ഒക്ടോബർ മാസത്തിന്റെ പകുതി വരെ ഈ വാൽനക്ഷത്രം ഇന്ത്യയിൽ ദൃശ്യമാകും.
Discussion about this post