അബുദാബി : യുദ്ധഭീതിയുടെ നിഴലിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ. ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള പോരാട്ടം ആരംഭിച്ചതോടെ ആശങ്കയിൽ ആയിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ കൂടിയാണ്. ഏറ്റവും കൂടുതൽ മലയാളികൾ പ്രവാസികൾ ആയിട്ടുള്ള യുഎഇ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള പല വിമാന സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്.
വിദേശരാജ്യങ്ങളിലെ വിമാന കമ്പനികളും പശ്ചിമേഷ്യൻ മേഖലകളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ദുബായിലെ മുൻനിര വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് രണ്ടുദിവസത്തേക്ക് ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി.
യുഎഇയിലെ മറ്റൊരു പ്രമുഖ എയർലൈൻസ് ആയ എത്തിഹാദും നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും മറ്റുപല വിമാനങ്ങളെയും വ്യോമപാത വഴി തിരിച്ചു വിടുകയും ചെയ്തു. ഇറാന്റെ മിസൈൽ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടി നൽകാൻ ആരംഭിച്ചാൽ സാഹചര്യങ്ങൾ കൂടുതൽ വഷളാകും എന്നാണ് റിപ്പോർട്ടുകൾ. രാത്രി ഇറാൻ നടത്തിയ മിസൈൽ ആക്രമണം വലിയ തെറ്റായിപ്പോയെന്നും അനന്തരഫലങ്ങൾ ഉടൻതന്നെ അനുഭവിക്കേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ തിരിച്ചടി ആരംഭിച്ചാൽ ഗൾഫ് മേഖലയിലുടനീളം വലിയ പ്രതിസന്ധി ആയിരിക്കും നേരിടേണ്ടി വരിക.
Discussion about this post