മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റീ റിലീസിന് എത്തുകയാണ്. 4K അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം ആണ് പാലേരി മാണിക്യം. 2009ൽ പുറത്തിറങ്ങിയ ഈ ചിത്രം റീ റീലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ സംവിധായകനുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങൾക്കിടയിൽ നീണ്ടു പോവുകയായിരുന്നു. ഒടുവിലായി ഇപ്പോൾ ഒക്ടോബർ നാലിന് ചിത്രം റീ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മുട്ടി.
മമ്മൂട്ടി വ്യത്യസ്തമായ മൂന്ന് വേഷങ്ങളിൽ അഭിനയിച്ച പാലേരി മാണിക്യം രഞ്ജിത്ത് ആണ് സംവിധാനം ചെയ്തിട്ടുള്ളത്. മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . ആദ്യ റിലീസ് സമയത്ത് തിയേറ്ററുകളിൽ വലിയ പ്രതികരണം ഒന്നും തന്നെ ഉണ്ടാക്കാൻ കഴിയാതിരുന്ന പാലേരി മാണിക്യം പക്ഷേ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. 2009ലെ സംസ്ഥാന അവാർഡുകളിൽ മികച്ച പ്രകടനമാണ് ഈ ചിത്രം കാഴ്ചവച്ചത്. ആ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കും മികച്ച നടിക്കുള്ള പുരസ്കാരം ശ്വേതാ മേനോനും ലഭിക്കാൻ ഈ ചിത്രം കാരണമായി.
മലയാള സിനിമാരംഗത്തെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറെ ശ്രദ്ധേയമായിരുന്നു പാലേരി മാണിക്യം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബംഗാളി നടി ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്തിനെതിരെ ഉയർത്തിയിരുന്ന ആരോപണം. ഇതേ തുടർന്ന് രഞ്ജിത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും രാജിവയ്ക്കേണ്ടതായും വന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഏതാണ്ട് ഒതുങ്ങിയിരിക്കെ ആണ് ഇപ്പോൾ പാലേരി മാണിക്യം റീ റിലീസിന് എത്തുന്നത്.
അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ടി പി രാജീവന്റെ അതേ പേരിലുള്ള കഥയാണ് പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമ. മനോജ് പിള്ള ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Discussion about this post