ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ആത്മീയ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ പോലീസ് നടപടിക്ക് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് താൽക്കാലിക സ്‌റ്റേ നൽകി സുപ്രീം കോടതി. ഫൗണ്ടേഷനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ക്രിമിനൽ കേസുകളുടെയും വിശദാംശങ്ങൾ സമർപ്പിക്കാൻ തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ഇഷ ഫൗണ്ടേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നടപടികൾ തടഞ്ഞത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ആരോപണങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോയമ്പത്തൂർ റൂറൽ പോലീസിന് സുപ്രീം കോടതി നിർദേശം നൽകി. ഹർജിയിൽ അടുത്ത വാദം ഒക്ടോബർ 18ന് നടക്കും.
തന്റെ രണ്ട് പെൺമക്കളെ ബ്രെയിൻ വാഷ് ചെയ്ത് ഇഷ ഫൗണ്ടേഷൻ ആശ്രമത്തിലെ യോഗാ കേന്ദ്രത്തിൽ ബന്ദികളാക്കിയെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച പ്രൊഫസർ എസ് കാമരാജ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കാമരാജിന്റെ പെൺമക്കളുമായി താൻ സംസാരിച്ചെന്നും അവർ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇഷ ഫൗണ്ടേഷൻ വ്യക്തികളെ ബ്രൈയിൻവാഷ് ചെയ്യുകയും സന്യാസിമാരാക്കി മാറ്റുകയും കുടുംബവുമായി സംസാരിക്കുന്നതുപോലും തടയുകയും ചെയ്യുന്നുവെന്ന് ആയിരുന്നു കാമരാജ് ഹർജിയിൽ ആരോപിച്ചത്. ഇതേതുടർന്ന്, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ ഇഷ ഫൗണ്ടേഷനിൽ പോലീസ് അന്വേഷണം നടത്തി.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇഷ ഫൗണ്ടേഷൻ പ്രസ്താവനയിറക്കി. ‘ആളുകൾക്ക് യോഗയും ആത്മീയതയും നൽകുന്നതിനായി സദ്ഗുരു സ്ഥാപിച്ചതാണ് ഇഷ ഫൗണ്ടേഷൻ. പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വിവേകവും ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വ്യക്തികളെ വിവാഹത്തിലേക്കോ സന്യാസത്തിലേക്കോ ഇഷ സമ്മർദ്ദം ചെലുത്തുന്നില്ല. ഇവയെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. ഫൗണ്ടേഷനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടും’ ഇഷ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post