തിരുവനന്തപുരം: നടൻ മോഹൻ രാജിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് മലയാളി സിനിമാ പ്രേമികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട കീരിക്കാടൻ ജോസ് ഇനിയില്ല. വില്ലൻ വേഷങ്ങളിലൂടെ ഒരു പക്ഷെ മലയാളി പ്രേഷകരുടെ മനം ഇത്രമേൽ കീഴടക്കിയ മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ലെന്ന് വേണം പറയാൻ.
300 ഓളം സിനിമകളിൽ മോഹൻ രാജ് വില്ലനായി അഭിനയിച്ചിട്ടുണ്ടെങ്കിലും കീരിക്കാടൻ ജോസിന്റെ തട്ട് താഴ്ന്നുതന്നെ ഇരിക്കും. കാരണം അത്രമേൽ ഞെട്ടിപ്പിക്കുന്നതായിരുന്നു സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം. എൻഫോഴ്‌സ്‌മെന്റിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു അദ്ദേഹം കിരീടം സിനിമയിൽ അഭിനയിച്ചത്. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ജോലി വരെ നഷ്ടമായിരുന്നു.
പഠനത്തിൽ മിടുക്കനായിരുന്നു മോഹൻ രാജ്. 20ാം വയസ്സിൽ രാജ്യ സേവനത്തിനായി സൈന്യത്തിൽ ചേർന്നു. എന്നാൽ കാലിനേറ്റ പരിക്കിനെ തുടർന്ന് അദ്ദേഹം തിരികെ നാട്ടിലേക്ക് വരികയായിരുന്നു. തുടർന്ന് കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ന്നെീ പരീക്ഷകൾ എഴുതി. കേരള പോലീസിന്റെ എസ് ഐ ടെസ്റ്റിൽ രണ്ടാം റാങ്ക് ആയിരുന്നു അദ്ദേഹം നേടിയത്. എന്നാൽ എൻഫോഴ്‌സ്‌മെന്റിലെ ജോലിയെ തുടർന്ന് മറ്റ് ജോലികൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ജോലിയിൽ പ്രവേശിച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കിരീടം എന്ന സിനിമയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചത്. എന്നാൽ അഭിനയിക്കാൻ പോകുന്ന വിവരം അദ്ദേഹം സർക്കാരിനെ അറിയിച്ചില്ല. ഇതിന്റെ പേരിൽ മോഹൻരാജിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചു. നീണ്ട 20 വർഷത്തെ പോരാട്ടത്തിനൊടുവിൽ അദ്ദേഹത്തിന് വീണ്ടും ജോലി ലഭിച്ചു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു.
Leave a Comment