സിംല: ഒരു നേരത്തെ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഭിക്ഷ യാചിച്ച് നടന്നിരുന്ന കുട്ടി വളര്‍ന്ന് ഡോക്ടര്‍ ബിരുദം നേടി ജീവിതത്തില്‍ വിജയഗാഥ രചിച്ച കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. പിങ്കി ഹരിയന്‍ എന്ന യുവതി. ചൈനീസ് മെഡിക്കല്‍ ബിരുദത്തിന് ശേഷം ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയുടെ തയ്യാറെടുപ്പിലാണ് പിങ്കി ഹരിയന്‍.
2004-ല്‍ ടിബറ്റന്‍ സന്യാസിയും ധര്‍മ്മശാല ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്സാങ് ജാംയാങ് യാദൃച്ഛികമായാണ് ഹരിയനെ കാണുന്നത.് തെരുവില്‍ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം ഭിക്ഷ യാചിക്കുകയും മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഹരിയന്‍ എന്ന കുട്ടിയുടെ ദയനീയ കാഴ്ച ലോബ്സാങ് ജാംയാങ്ങിന്റെ മനസിനെ പിടിച്ചുകുലുക്കി.
ചരണ്‍ ഖുദിലെ ചേരിയിലെത്തി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ ലോബ്സാങ് ഹരിയനെ പഠിക്കാന്‍ വിടണമെന്ന് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമത്തിന് ഒടുവില്‍ പഠിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകളെ പഠിക്കാന്‍ വിടാന്‍ സമ്മതിക്കുകയായിരുന്നു.
ധര്‍മ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്‌കൂളില്‍ ഹരിയന്‍ പ്രവേശനം നേടി. 2004 ല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ കുട്ടികള്‍ക്കായി സ്ഥാപിച്ച ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു യുവതി. തുടക്കത്തില്‍ വീടും മാതാപിതാക്കളും വിട്ട് പിരിഞ്ഞു കഴിയേണ്ടി വന്നെങ്കിലും ഹരിയന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
സീനിയര്‍ സെക്കന്ററി പരീക്ഷ പാസായ ഹരിയന്‍ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റും പാസായി. എന്നാലും വന്‍ ഫീസ് കാരണം സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അവള്‍ക്ക് പ്രവേശനം നേടാനായില്ല. ഒടുവില്‍ യുകെയിലെ ടോങ്-ലെന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ, 2018 ല്‍ ചൈനയിലെ ഒരു പ്രശസ്ത മെഡിക്കല്‍ കോളേജില്‍ ഹരിയന്‍ പ്രവേശനം നേടി. എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കി അടുത്തിടെയാണ് യുവതി ധര്‍മ്മശാലയില്‍ തിരിച്ചെത്തിയതെന്ന് എന്‍ജിഒ ഉമാങ് ഫൗണ്ടേഷന്റെ പ്രസിഡന്റ് അജയ് ശ്രീവാസ്തവ പറഞ്ഞു.
Discussion about this post